കൽപ്പറ്റ: വയനാട് സുൽത്താൻ ബത്തേരി വാകേരിയിലിറങ്ങിയ നരഭോജി കടുവയെ വെടിവെക്കാനുള്ള സർക്കാർ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി തള്ളി ഹൈക്കോടതി. ഒരു മനുഷ്യജീവൻ നഷ്‌ടമായതിനെ എങ്ങനെ കുറച്ച് കാണുമെന്ന ചോദ്യമുയർത്തിയാണ് ഹൈക്കോടതി ഹരജി തള്ളിയത്. പ്രശസ്‌തിക്ക് വേണ്ടിയാണോ ഇത്തരത്തിലൊരു വിഷയത്തിൽ ഹരജി സമർപ്പിച്ചതെന്ന് ആരാഞ്ഞ കോടതി, ഹരജിക്കാരന് 25,000 രൂപ പിഴയും ചുമത്തി.
രണ്ടാഴ്‌ചക്കുള്ളിൽ പിഴ തുക നിയമ സേവന അതോറിറ്റിയിൽ അടക്കണമെന്നും ചീഫ് ജസ്‌റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഉത്തരവിറക്കി. ഏത് കടുവയാണ് ആക്രമണത്തിന് പിന്നിലെന്ന് തെളിഞ്ഞിട്ടില്ല. പിടികൂടാൻ കഴിഞ്ഞില്ലെങ്കിൽ മാത്രമേ വെടിവെക്കാവൂ, മാർഗരേഖ പാലിക്കാതെയാണ് വെടിക്കാൻ ഉത്തരവിട്ടത് എന്നെല്ലാമായിരുന്നു ഹരജിയിൽ ഉണ്ടായിരുന്നത്.
മനുഷ്യനെ കൊന്നത് നിസാരമായ പ്രശ്‌നമല്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയുടെ മാർഗ നിർദ്ദേശങ്ങളും ചീഫ് ഫോറസ്‌റ്റ് കൺസർവേറ്ററുടെ ഉത്തരവും ശരിയാണെന്നും കോടതി നിരീക്ഷിച്ചു. നരഭോജി കടുവയെ നടപടിക്രമങ്ങൾ പാലിച്ചു മാത്രമേ വെടിവെച്ചു കൊല്ലാവൂ എന്നായിരുന്നു ഹരജിക്കാരായ അനിമൽസ് ആൻഡ് നേച്ചർ എത്തിക്‌സ് കമ്യൂണിറ്റിയുടെ ആവശ്യം.
അതേസമയം, വയനാട് സുൽത്താൻ ബത്തേരി വാകേരിയിലിറങ്ങിയ നരഭോജി കടുവക്കായുള്ള തിരച്ചിൽ ഇന്ന് തുടരും. ഇന്നലെയും തിരച്ചിൽ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിട്ടില്ല. നാട്ടുകാരോട് സുരക്ഷിത സ്‌ഥാനങ്ങളിലേക്ക് മാറാൻ വനംവകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാർഡിൽ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിട്ടുണ്ട്. കടുവ സാന്നിധ്യമുള്ളതിനാൽ ഇന്ന് മൂടക്കൊല്ലിയിലെ സ്‌കൂളുകൾക്കും കലക്‌ടർ അവധി നൽകിയിട്ടുണ്ട്. വാകേരി മൂടക്കൊല്ലി കൂടല്ലൂർ സ്വദേശി മരോട്ടിത്തറപ്പിൽ പ്രജീഷിനെയാണ് കഴിഞ്ഞ ദിവസം കടുവ കൊന്നു ഭക്ഷിച്ചത്.
Most Read| ചോദ്യത്തിന് കോഴ ആരോപണം; മഹുവ മൊയ്‌ത്രയെ സിബിഐ ചോദ്യം ചെയ്യും