കെ സുരേന്ദ്രനെ വേട്ടയാടുന്നത് സ്‌ത്രീശാപം; ശോഭാസുരേന്ദ്രൻ പക്ഷം

By Desk Reporter, Malabar News
Hunting for K Surendran is woman's curse; Sobha Surendran fans
Ajwa Travels

ഹൈന്ദവവിശ്വാസ പ്രകാരം ഏഴ് ജൻമം കൊണ്ടും തീരാത്തതാണ് സ്‌ത്രീശാപം. എന്തെന്നാൽ, ഇന്ദ്രിയത്തോട് കൂടിയ ഒരു മനുഷ്യനെ സൂക്ഷ്‌മതയിൽ നിന്നും ജനിപ്പിക്കുന്നത് സ്‌ത്രീയാണ്. സമസ്‌ത ബലവേഗങ്ങളും, വരങ്ങളും നേടിയ ദശമുഖനായ രാവണനെ മനുഷ്യ ജൻമമായ ശ്രീരാമന് കൊല്ലാൻ സാധിച്ചതിന് കരണമായതുപോലും മൂന്നു സ്‌ത്രീകളുടെ ശാപമായിരുന്നു എന്നാണ് ഐതിഹ്യം.

കേരള രാഷ്‌ട്രീയത്തിൽ ഈ ശാപം നേരിടുന്നത് ഇപ്പോൾ സുരേന്ദ്രനാണെന്നാണ് ശോഭാ സുരേന്ദ്രന്റെ അനുയായികൾ വിശ്വസിക്കുന്നത്. സുരേന്ദ്രൻ അധ്യക്ഷനായ ശേഷം കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയം, തുടർന്ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട, ഇന്ത്യൻ രാഷ്‌ട്രീയ ചരിത്രം ആഴത്തിൽ രേഖപ്പെടുത്തിയ സമാനതകളില്ലാത്ത തോൽവി, ചുമതലകളിലെ അസ്‌ഥിരത, തുടർച്ചയായി വേട്ടയാടുന്ന രാഷ്‌ട്രീയ പ്രതിസന്ധികൾ, കേരളത്തിലെ ന്യൂനപക്ഷങ്ങളിൽ നിന്നുള്ള ബിജെപിയുടെ അകൽച്ച, വയനാട് തിരഞ്ഞെടുപ്പ് കോഴകേസ്, ഇപ്പോൾ ദേശീയ മാദ്ധ്യമങ്ങൾക്ക് പോലും വിരുന്നായ കള്ളപ്പണകേസിന്റെ കരിനിഴലും!

സംസ്‌ഥാന അധ്യക്ഷ സ്‌ഥാനത്തേക്ക് വരെ പരിഗണിക്കപ്പെട്ടിരുന്ന ശോഭാ സുരേന്ദ്രനെ ജനറല്‍ സെക്രട്ടറി സ്‌ഥാനം പോലും നൽകാതെ ചവിട്ടിയൊതുക്കിയ സുരേന്ദ്രന് കാരാഗ്രഹം പോലും വിദൂരമല്ലെന്നാണ് ശോഭാപക്ഷം വിശ്വസിക്കുന്നത്. ഒതുക്കലിൽ പങ്കാളിത്തംവഹിച്ച വി മുരളീധരനെയും ഈ ശാപം വേട്ടയാടി തുടങ്ങിയിട്ടുണ്ട്. അധികം വൈകാതെ അത് പ്രത്യക്ഷത്തിൽ പ്രകടമാകുമെന്നും ഉറച്ചുവിശ്വസിക്കുന്നുണ്ട് ശോഭയുടെ അനുയായികൾ.

ശോഭാ സുരേന്ദ്രനാണെന്ന് വ്യക്‌തമായി മനസിലാക്കാൻ കഴിയുന്ന രീതിയിൽ ബിജെപിയുടെ പ്രമുഖ വനിതാ നേതാവ് മലയാളി വ്യവസായിയോടൊപ്പം ഒളിച്ചോടി എന്ന വ്യാജവാർത്ത സൃഷ്‌ടിച്ച് അത് മേൽവിലാസമില്ലാത്ത ഓൺലൈൻ പോർട്ടലുകളിൽ നൽകി, മൂന്ന് ദശാബ്‌ദങ്ങൾ കൊണ്ട് കേരളരാഷ്‌ട്രീയ മണ്ഡലത്തിൽ കെട്ടിപ്പടുത്ത ‘ശോഭാ സുരേന്ദ്രൻ’ എന്ന ബ്രാൻഡിനെ കരിവാരിതേച്ചത് മലയാളി മറന്നുകാണില്ല.

Sobha Surendran with Modi

ഞാനൊരു സുരേന്ദ്രൻ എതിരാളിയൊന്നുമല്ല. എനിക്ക് പക്ഷവുമില്ല. പക്ഷെ, ഇത്രയും നീചമായ വ്യാജവാർത്ത ശോഭാജി എന്ന നേതാവിനെ മാത്രമല്ല വേട്ടയാടിയത്, മുതിർന്ന രണ്ടു ആൺകുട്ടികളുള്ള ശോഭ എന്ന അമ്മയെയും ശോഭ എന്ന ഭാര്യയെയും സഹോദരിയെയും കൂടിയായിരുന്നു. ശോഭാജി എന്ന ‘സ്‌ത്രീയുടെ’ സ്വകാര്യതകളിലേക്ക് കടന്നുചെന്ന് അവരെ വേട്ടയാടുമ്പോൾ ശക്‌തമായി പ്രതിരോധിക്കാൻ സുരേന്ദ്രനും മുരളീധരനും തയാറായില്ല. അന്നവരുടെ നിറഞ്ഞകണ്ണുകൾ സുരേന്ദ്രനെയും വി മുരളീധരനെയും വിട്ടുമാറുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. സ്‌ത്രീശാപം ഇല്ലെന്ന് വിശ്വസിച്ചാൽ ഞാൻ ഹിന്ദുവല്ലാതാകും‘ –സംസ്‌ഥാന നേതൃപദവിയിൽ ഉണ്ടായിരുന്ന നേതാവിന്റെ വാക്കുകളാണിത്.

പോലീസ് ആക്‌റ്റിലെ സെക്ഷന്‍ 119 അനുസരിച്ച് സ്‌ത്രീകൾക്ക് നേരെ പൊതുവിടങ്ങളില്‍ നടക്കുന്ന അധിക്ഷേപ പ്രചാരണങ്ങളില്‍ കേസെടുക്കാം എന്നു കൃത്യമായി പറയുന്നുണ്ട്. (section 119 (a) of the Kerala police act will apply only when the police has an allegation that the accused made any sexual gestures or acts degrading the dignity of women in a public place) ഇതില്‍ സ്‌ത്രീകൾക്ക് നേരെയുള്ള സോഷ്യല്‍ മീഡിയാ അപവാദ പ്രചരണവും ഉൾപ്പെടും എന്നത് സുവ്യക്‌തമാണ്‌. or degrading the dignity of women in a public place എന്നതിനർഥം; പൊതുസ്‌ഥലത്ത്‌ സ്‌ത്രീകളുടെ അന്തസിനെ തരംതാഴ്‌ത്തുന്ന രീതിയിലുള്ള എല്ലാ പ്രവർത്തികളും എന്നാണ്. നിരവധി കേസുകളിൽ, സാമൂഹിക മാദ്ധ്യമങ്ങളെ പൊതുവിടമായാണ് സുപ്രീം കോടതി നിർവചിച്ചിട്ടുള്ളത്.

k Surendran with V Mmuraleedharan

2020 ഒക്‌ടോബർ 28ന് വന്ന വ്യാജ വാർത്തക്കെതിരെ പിറ്റേദിവസം തന്നെ തൃശൂർ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് ശോഭാ സുരേന്ദ്രൻ പരാതി നൽകിയിരുന്നു. എന്നാൽ, മുകളിൽ പ്രതിപാദിച്ച നിയമം ഉൾപ്പടെയുള്ള സകലനിയമങ്ങളെയും നോക്കുകുത്തിയാക്കി ആ വ്യാജവാർത്ത ഇപ്പോഴും അവിടെതന്നെ തുടരുന്നു! കേന്ദ്രം ഭരിക്കുന്ന പാർട്ടിയുടെ ദേശീയ നേതാക്കളും കേന്ദ്രമന്ത്രിയും കേരളത്തിൽ നിന്ന് ഉണ്ടായിട്ടുപോലും, ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ ഇഷ്‌ടക്കാരനായ ലോക്‌നാഥ് ബെഹ്റ ഡിജിപി ചുമതല വഹിച്ചിരുന്നിട്ടുകൂടി ആ വാർത്ത പ്രസിദ്ധീകരിച്ച സ്‌ഥാപനത്തിന് നേരെ ഒരന്വേഷണം പോയിട്ട് ആ പേജൊന്നു നീക്കാൻ പോലും ഈ വാർത്ത ടൈപ്പ്‌ചെയ്യുന്ന നിമിഷംവരെ സാധിച്ചിട്ടില്ല!

Hunting for K Surendran is woman's curse; Sobha Surendran fans നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ശോഭക്കെതിരെ നിരവധി വ്യക്‌തിഹത്യകൾ അരങ്ങേറി. ചില യൂട്യൂബ് ചാനലുകളെയും മിമിക്രി ആർട്ടിസ്‌റ്റുകളെയും കൂട്ടുപിടിച്ച് പടച്ചുണ്ടാക്കിയ വാർത്തകൾകൊണ്ട് ശോഭയെ തോൽപ്പിക്കുക എന്നതിനായിരുന്നു ചില നേതാക്കൾ ചുക്കാൻ പിടിച്ചിരുന്നത്. ഇത്തരത്തിൽ പടച്ചുണ്ടാക്കിയ വാർത്തകളിൽ ശോഭ 5 കോടിയുടെ അഴിമതി നടത്തി, വേറെയൊരു ഭർത്താവിനെയും കുടുബത്തെയും വഞ്ചിച്ചു തുടങ്ങിയ വ്യാജസൃഷ്‌ടികളുടെ ഒഴുക്കായിരുന്നു. രാഷ്‌ട്രീയ ആരോപണങ്ങൾ മനസിലാക്കാം. അത് രാഷ്‌ട്രീയത്തിൽ നിൽക്കുമ്പോൾ സ്വാഭാവികമാണ്. പക്ഷെ, ഒരുസ്‌ത്രീയുടെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോട്ടം നടത്തിയും വ്യക്‌തിപരമായി തേജോവധം ചെയ്‌തും നിരന്തരം വേട്ടയാടുകയായിരുന്നു ശോഭയെ. ഇതിനൊക്കെ കൂട്ടുനിന്ന ആരും പ്രതിഫലം കൈപ്പറ്റാതെ പോകുകയില്ല‘ –തൃശൂർ ജില്ലയിലെ സുപ്രധാന ഭാരവാഹിയും കോർപറേഷൻ കൗൺസിലറുമായിരുന്ന വനിതാ നേതാവ് പറഞ്ഞു.

Hunting for K Surendran is woman's curse; Sobha Surendran fans ശോഭയുടെ മനസുരുകിയുള്ള ശാപത്തിൽ നിന്ന് മോചനം നേടാൻ, ശോഭക്ക് തൃപതികരമായ പ്രവർത്തികളിൽ ഏർപ്പെടാൻ സുരേന്ദ്രൻ തയ്യാറാകുമോ? അതോ പാപമോചനം നേടാതെ പ്രശ്‌നങ്ങളിൽ നിന്ന് പ്രശ്‌നങ്ങളിലേക്കും അവസാനം കാരാഗൃഹത്തിലേക്കും ആയിരിക്കുമോ സുരേന്ദ്രന്റെ യാത്ര? ശാപത്തിൽ വിശ്വസിക്കുന്ന ശോഭാ അനുയായികൾ ശാപഫലമറിയാൻ കാത്തിരിക്കുകയാണ്.

Most Read: ആളൂർ പീഡനക്കേസ്; എസ്‌പി ജി പൂങ്കുഴലിക്കെതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE