ഇടുക്കി: മഴയും നീരൊഴുക്കും കുറഞ്ഞതിന് പിന്നാലെ ഇടുക്കി ചെറുതോണി അണക്കെട്ടിന്റെ ഷട്ടർ അടച്ചു. നിലവിൽ 2,399.10 അടി ജലമാണ് ഇടുക്കി അണക്കെട്ടിലുള്ളത്. കനത്ത മഴയെ തുടർന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വർധിച്ച സാഹചര്യത്തിൽ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഡാമിന്റെ ഷട്ടർ തുറന്നത്.
ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ഞായറാഴ്‌ചയാണ് ഇടുക്കി അണക്കെട്ടിന്റെ മൂന്നാം ഷട്ടർ തുറന്നത്. തുടർന്ന് 40 സെന്റീമീറ്റർ ഉയർത്തിയ ഷട്ടറിലൂടെ സെക്കന്റിൽ 40,000 ലിറ്റർ ജലമാണ് പുറത്തേക്ക് ഒഴുക്കിയിരുന്നത്. എന്നാൽ ഇന്നലെയോടെ ജില്ലയിൽ മഴക്ക് ശമനം ഉണ്ടായത് ഡാമിലേക്കുള്ള നീരൊഴുക്ക് കുറയുന്നതിന് കാരണമായിട്ടുണ്ട്.
അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ നേരിയ വർധന ഉണ്ടായിട്ടുണ്ട്. 140.60 അടി ജലമാണ് ഇപ്പോൾ മുല്ലപ്പെരിയാർ ഡാമിലുള്ളത്. നിലവിലെ റൂൾ കർവനുസരിച്ച് 141 അടിവെള്ളം അണക്കെട്ടിൽ സംഭരിക്കാം. മഴ കുറഞ്ഞതിനാൽ സ്‌പിൽവേ ഷട്ടറുകൾ ഉയർത്തേണ്ടെന്നാണ് തമിഴ്നാടിന്റെ തീരുമാനം.
Read also: മുല്ലപ്പെരിയാറിന് ബലക്ഷയമില്ല; കേരളത്തിന് വീണ്ടും കത്തയച്ച് തമിഴ്‌നാട്