അനധികൃത സ്വത്ത് സമ്പാദനം; ഇപി ജയരാജനെതിരെ ആരോപണവുമായി പി ജയരാജൻ

കണ്ണൂരിൽ 30 കോടി രൂപ മുടക്കി നിർമിക്കുന്ന റിസോർട്ടിന് പിന്നിൽ ഇപി ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി ജയരാജൻ ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജനും ഭാര്യയും മകനും ഡയറക്‌ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നാണ് ആരോപണം.

By Trainee Reporter, Malabar News
P Jayarajan alleges against EP Jayarajan
Ajwa Travels

തിരുവനന്തപുരം: ഇടതുമുന്നണി കൺവീനർ ഇപി ജയരാജനെതിരെ സാമ്പത്തിക ആരോപണം ഉന്നയിച്ച് പി ജയരാജൻ. ഇപി ജയരാജൻ അനധികൃത സ്വത്ത് സമ്പാദനം നടത്തിയെന്നും, ജയരാജനെതിരെ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സിപിഐഎം സംസ്‌ഥാന സമിതിയിൽ പി ജയരാജൻ ആരോപണം ഉന്നയിച്ചത്.

കണ്ണൂരിൽ 30 കോടി രൂപ മുടക്കി നിർമിക്കുന്ന റിസോർട്ടിന് പിന്നിൽ ഇപി ജയരാജനാണെന്ന ഗുരുതരമായ ആരോപണമാണ് പി ജയരാജൻ ഉന്നയിച്ചിരിക്കുന്നത്. ഇപി ജയരാജനും ഭാര്യയും മകനും ഡയറക്‌ടർമാരായ കമ്പനിയാണ് റിസോർട്ടിന്റെ നടത്തിപ്പുകാർ എന്നാണ് ആരോപണം. ഏറ്റവും ആധികാരികതയോടെയാണ് ആക്ഷേപം ഉന്നയിക്കുന്നതെന്നും പി ജയരാജൻ പറഞ്ഞു.

റിസോർട്ട് തുടങ്ങുന്ന സമയത്ത് പ്രശ്‌നം ചൂണ്ടിക്കാണിച്ചപ്പോൾ ഡയറക്‌ടർ ബോർഡിൽ മാറ്റം വരുത്തി. ഗുരുതരമായ ആരോപണങ്ങളിൽ അന്വേഷണവും നടപടിയും വേണമെന്ന് പി ജയരാജൻ ആവശ്യപ്പെട്ടു. അതേസമയം, ആരോപണം ഉയർന്ന സംസ്‌ഥാന കമ്മിറ്റിയിൽ ഇപി ജയരാജൻ പങ്കെടുത്തിരുന്നില്ല. ആരോപണം സിപിഎം സംസ്‌ഥാന സെക്രട്ടറിയും പിബി അംഗവുമായ എംവി ഗോവിന്ദൻ തള്ളിയില്ല.

ആരോപണം എഴുതി നൽകാൻ പി ജയരാജന് നിർദ്ദേശം നൽകി. പരാതി രേഖാമൂലം കിട്ടിയാൽ പരിശോധിക്കാമെന്നും സെക്രട്ടറി എംവി ഗോവിന്ദൻ സംസ്‌ഥാന കമ്മിറ്റിയിൽ വ്യക്‌തമാക്കി. പ്രതിപക്ഷം ഏറ്റുപിടിക്കുന്നതോടെ വലിയ വിവാദങ്ങൾ ഉണ്ടാവാൻ സാധ്യതയുള്ള വിഷയമാണിത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആരോഗ്യപ്രശ്‌നം ചൂണ്ടിക്കാട്ടി സജീവ രാഷ്‌ട്രീയത്തിൽ നിന്ന് ഇപി ജയരാജൻ വിട്ടുനിൽക്കുന്ന സാഹചര്യമുണ്ട്.

അതിനിടെയാണ് അനധികൃത സ്വത്തുസമ്പാദന ആരോപണം ഉയർന്നു വരുന്നത്. ഏറെ നാളായി അണികൾക്കിടയിൽ ചർച്ച ചെയ്‌തുകൊണ്ടിരിക്കുന്ന സംഭവമാണിത്. സിപിഎം ശക്‌തി കേന്ദ്രമായ മൊറാഴയിൽ വെള്ളിക്കീലെന്ന സ്‌ഥലത്ത്‌ പാലോക്കുന്നിന് മുകളിൽ, കുന്ന് ഇടിച്ചു നിരത്തിയാണ് വർഷങ്ങൾക്ക് മുൻപ് ഇവിടെ റിസോർട്ട് പണി തുടങ്ങിയത്.

വലിയ കർഷക പോരാട്ടം നടന്ന സ്‌ഥലമാണിത്. ഇവിടെയാണ് ആയുർവേദ വില്ലേജ് പദ്ധതി തുടങ്ങിയത്. ആന്തൂർ നഗരസഭയിൽ നിന്ന് അനധികൃതമായി അനുമതി നേടിയെന്ന് ആരോപണം ഉണ്ടായിരുന്നു. ധർമ്മശാലയിൽ ഇവർക്ക് നേരത്തെ ഓഫിസ് ഉണ്ടായിരുന്നു. മൂന്ന് വർഷം മുൻപ് ഇവിടെ റിസോർട്ട് ഉൽഘാടനം ചെയ്‌തു. പ്രവർത്തനം പൂർണ തോതിൽ ആയിട്ടില്ല.

മമ്പറം ദിവാകരൻ റിസോർട്ട് ഉൽഘാടനത്തിൽ പങ്കെടുത്തത് കോൺഗ്രസിലും വലിയ വിവാദമായിരുന്നു. എല്ലാ രാഷ്‌ട്രീയ നേതാക്കളെയും സ്വാധീനിച്ചു പരാതികളില്ലാത്ത വിധത്തിൽ മുന്നോട്ട് പോവുമ്പോഴാണ് ഇപ്പോൾ പി ജയരാജൻ തന്നെ രംഗത്ത് വന്നിരിക്കുന്നത്.

ജില്ലാ ബാങ്കിൽ നിന്ന് വിരമിച്ച ഇപി ജയരാജന്റെ ഭാര്യ ഈ ഡയറക്‌ടർ ബോർഡിൽ അംഗമാണ്. സിപിഎമ്മിന് പ്രാദേശിക തലത്തിൽ ഇപി അനധികൃത സ്വത്ത് സമ്പാദനം നടത്തുന്നു, പാർട്ടിക്ക് യോജിക്കാത്ത ആളുകളുമായി ചങ്ങാത്തം സ്‌ഥാപിക്കുന്നു തുടങ്ങിയ ആരോപണങ്ങൾ ഉയർന്നിരുന്നു.

Most Read: കോവിഡ്; രാജ്യത്ത് ജാഗ്രത തുടരുന്നു- വിമാന താവളങ്ങളിൽ ഇന്ന് മുതൽ പരിശോധന 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE