കാസർഗോഡ്: പുഴകളിൽ നിന്ന് അനധികൃതമായി മണൽവാരുന്നത് തടയാൻ പരിശോധന കർശനമാക്കി പോലീസ്. കഴിഞ്ഞ ദിവസം ഷിറിയ പുഴയിൽ കളപ്പാറയിൽ അനധികൃതമായി മണൽ വാരിയ രണ്ട് ലോറികൾ പോലീസ് പിടികൂടി തകർത്തിരുന്നു. ഈ മേഖലയിൽ മണൽക്കടത്ത് വ്യാപകമാണെന്ന പരാതി കുറച്ചു നാളായി നിലനിൽക്കുന്നുണ്ട്. ഇതേത്തുടർന്നാണ് പോലീസ് പരിശോധന കർശനമാക്കിയത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് മണൽക്കടത്തിന് ഉപയോഗിച്ച വള്ളങ്ങൾ പോലീസ് പിടികൂടി നശിപ്പിച്ചത്. രണ്ട് ദിവസം മുൻപ് ആരിക്കാടി പികെ നഗറിൽ സ്വകാര്യ വ്യക്‌തിയുടെ സ്‌ഥലത്ത് കൂട്ടിയിട്ടിരുന്ന മണൽ പോലീസ് നീക്കം ചെയ്‌തിരുന്നു. മണൽ കടത്താൻ ഉപയോഗിച്ച മൂന്ന് തോണികൾ തകർക്കുകയും ചെയ്‌തിരുന്നു. ഷിറിയ പുഴയിൽ നിന്ന് മണലെടുത്ത് ആരിക്കാടി പികെ നഗറിൽ രാത്രിയിൽ കടത്തുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതോടെയാണ് പരിശോധന നടത്തിയത്. അതേസമയം, ഷിറിയ ബത്തേരി കടൽ തീരത്ത് നിന്നും മണൽക്കടത്തുന്നതായി പരാതി ഉണ്ട്. ഇത്തരം സംഘങ്ങളിൽ നിന്ന് ഭീഷണി ഉണ്ടെന്നും പ്രദേശവാസികൾ പറഞ്ഞു. ഇതോടെ മണൽ വാരൽ പരാതിയുള്ള സ്‌ഥലങ്ങളിൽ സിസിടിവി സ്‌ഥാപിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കാസർഗോഡ് ഡിവൈഎസ്‌പി പി ബാലകൃഷ്‌ണൻ നായരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ മണൽക്കടത്ത് പിടികൂടിയത്. സംഭവത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.
Most Read: ശബരിമല തീര്‍ഥാടനത്തിനുള്ള ഇളവുകള്‍ പ്രാബല്യത്തില്‍