തിരുവനന്തപുരം: സംസ്‌ഥാനത്ത് പത്ത് വർഷം വരെ തടവിന് വിധിച്ചു, പകുതി ശിക്ഷ അനുഭവിച്ചവർക്ക് ഇളവ് നൽകാൻ തീരുമാനം. ജീവിതത്തിൽ ആദ്യമായി കുറ്റകൃത്യത്തിൽ ഏർപ്പെട്ടു ശിക്ഷിക്കപ്പെട്ടവർക്കാണ് ഇളവ്. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. ശിക്ഷാ കാലാവധിയുടെ പകുതി ഇളവ് നൽകി വിട്ടയക്കാനുള്ള മാനദണ്ഡത്തിനാണ് മന്ത്രിസഭ അംഗീകാരം നൽകിയത്.
ആദ്യമായി ഒരു കേസിൽ പ്രതിയായി ശിക്ഷിക്കപ്പെട്ടവർക്കാണ് ഇളവിനുള്ള അർഹതയുള്ളത്. 2023 ജൂലൈയോടെ ശിക്ഷയുടെ പകുതി പൂർത്തിയായിരിക്കണം. സർക്കാർ നൽകുന്ന വിവിധ ഇളവ് കൂടാതെ ശിക്ഷയുടെ പകുതി അനുഭവിച്ചു കഴിഞ്ഞവർക്കായിരിക്കും ആനുകൂല്യം ലഭിക്കുക. അതായത്, മൂന്ന് മാസം ശിക്ഷിക്കപ്പെട്ട ഒരു തടവുകാരന് ചട്ടപ്രകാരം ഇളവുകളൊന്നും ലഭിക്കാതെ ഒന്നരമാസം ശിക്ഷ പൂർത്തിയാക്കിയാൽ ബാക്കി ശിക്ഷാ കാലയളവ് ഒഴിവാക്കും.
പത്ത് വർഷം തടവിന് ശിക്ഷിക്കപ്പെട്ട ഒരാളാണെങ്കിൽ അഞ്ചുവർഷം തടവ് പൂർത്തിയാക്കിയാലും പുറത്തിറങ്ങാം. പക്ഷേ ഇളവ് നൽകുന്നതിന് കടുത്ത മാനദണ്ഡങ്ങളുണ്ട്. ലൈംഗികാതിക്രമ കേസിലെയും ബലാൽസംഗ കേസിലെയും പ്രതികൾക്ക് ഇളവ് ലഭിക്കില്ല. പോക്‌സോ, രാജ്യദ്രോഹക്കുറ്റം, വിദേശികളായ തടവുകാർ, ആസിഡ് ആക്രമ കേസിൽ ഉൾപ്പെട്ടവർ, ലഹരി, വ്യാജ കറൻസി കേസിൽ ഉൾപ്പെട്ടവർ, വാടക ഗുണ്ടകൾ, ഗുരുതര കുറ്റകൃത്യത്തിൽ ഉൾപ്പെട്ടവർ, അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടവർ എന്നിവർക്കും ആനുകൂല്യമില്ല.
പുതിയ മാനദണ്ഡപ്രകാരം ശിക്ഷാ ഇളവിൽ അർഹത നേടിയവരുടെ പട്ടിക തയ്യാറാക്കാൻ ജയിൽ മേധാവിയെ ചുമതലപ്പെടുത്തി. പട്ടിക സർക്കാരും പരിശോധിച്ച ശേഷമായിരിക്കും ഗവർണർക്ക് കൈമാറുക.
Most Read| അയോധ്യ പ്രതിഷ്‌ഠാ ദിനം; 22ന് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് അരദിവസത്തെ അവധി