മലബാറിലെ ആറു ജില്ലകളിലും നിരോധനാജ്ഞ നിലവിൽ വന്നു; നിബന്ധനകൾ അറിഞ്ഞിരിക്കുക

By Desk Reporter, Malabar News
A Covid Protocol Meat Shop in Tamilnadu
ഒരു മാംസ വിൽപ്പന കേന്ദ്രം കോവിഡ് പ്രോട്ടോകോൾ പാലിക്കുന്ന ചിത്രം
Ajwa Travels

കോഴിക്കോട്: മലബാർ മേഖലയിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഒക്‌ടോബർ 3 മുതൽ 31വരെ കടുത്ത നിയന്ത്രണങ്ങളോടെ നിരോധനാജ്ഞ നിലവിൽ വന്നു. കാസർഗോഡ് ജില്ലയിൽ മാത്രമാണ് മലബാർ മേഖലയിൽ നിരോധനാജ്ഞ ഇല്ലാത്തത്. ചെറിയ പിഴവുകൾ പോലും ആരോഗ്യമേഖലയില്‍ വലിയ പ്രതിസന്ധിക്ക് കാരണമാവുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് 144 പാസാക്കിയിരിക്കുന്നത്.

പൊതു സ്‌ഥലങ്ങളിലും കച്ചവട സ്‌ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കാനും ആളുകള്‍ തമ്മില്‍ അടുത്തിടപഴകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കി സമ്പര്‍ക്ക രോഗികളുടെ എണ്ണം നിയന്ത്രിക്കാനും മറ്റു വഴികൾ ഇല്ലാത്തത് കൊണ്ടാണ് ഈ നടപടികൾ. നിയന്ത്രണങ്ങളോട് പൊതുജനങ്ങൾ പൂർണമായും സഹകരിക്കണമെന്ന് അതാത് ജില്ലാ കളക്‌ടർമാർ അഭ്യർത്ഥിച്ചു. നിരോധനാജ്ഞ ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ അതാത് ജില്ലയുടെ കളക്‌ടർമാർ പോലിസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Must Read: ‘അനീതിക്ക് മുന്‍പില്‍ തല താഴ്‌ത്തില്ല’; ഗാന്ധിജിയുടെ വാക്കുകളുമായി രാഹുല്‍

അതാത് ജില്ലകളിലെ കളക്‌ടർമാരാണ് സർക്കാർ നിർദ്ദേശം അനുസരിച്ച് 144 പ്രഖ്യാപിച്ചത്. കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. ഇനിയും രോഗികളുടെ എണ്ണം അധികരിച്ചാൽ ചികിൽസാലയങ്ങൾക്ക് പോലും താങ്ങാൻ കഴിയാത്ത അവസ്‌ഥ വരും. അങ്ങിനെ സംഭവിച്ചാൽ അത് വളരെ വലിയ ഗുരുതര പ്രത്യാഘാതങ്ങൾ സൃഷ്‌ടിക്കുകയും മരണസംഘ്യ ഉയരുകയും ചെയ്യും. ഇത്തരമൊരു സാഹചര്യത്തിൽ മറ്റു വഴികൾ ഇല്ലാത്തത് കൊണ്ടാണ് ശക്‌തമായ നടപടികൾ കൈക്കൊള്ളുന്നത്. ജനങ്ങൾ ഇതുമായി സഹകരിക്കണം.

നിരോധനാജ്ഞ നില നിൽക്കുന്നുവെങ്കിലും പൊതുഗതാഗതത്തിന് നിയന്ത്രണമുണ്ടാകില്ല. പ്രഖ്യാപിച്ചു കഴിഞ്ഞിട്ടുള്ള ഏതെങ്കിലും പരീക്ഷകൾ ഉണ്ടങ്കിൽ അവക്കും തടസമുണ്ടാകില്ല. കടകൾ, ബാങ്കുകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ തുറന്നു പ്രവർത്തിക്കും. എന്നാൽ, അഞ്ചുപേരിൽ കൂടുതൽ ആളുകൾ കൂട്ടം ചേരുന്നതിന് വിലക്ക് നിലവിലുണ്ട്. ലഭ്യമായ ഇളവുകൾ ദുർവിനിയോഗം ചെയ്യാതെ സമൂഹം സഹകരിച്ചാൽ സംസ്‌ഥാനത്തിനും സാമൂഹിക ആരോഗ്യത്തിനും ഗുണം ചെയ്യുകയും. പ്രതിസന്ധിയിൽ നിന്ന് വേഗത്തിൽ പുറത്ത് കടക്കാനും അത് സഹായിക്കും.

Most Read: ജിയോ സിം കാര്‍ഡ് പൊട്ടിച്ചെറിഞ്ഞ് കോര്‍പ്പറേറ്റുകള്‍ക്ക് എതിരെ കര്‍ഷക പ്രതിഷേധം

മരണാനന്തര ചടങ്ങുകൾക്ക് 20 പേർക്കും വിവാഹത്തിന് 50 പേർക്കും പങ്കെടുക്കാവുന്നതാണ്. കർശനമായ വ്യവസ്‌ഥകൾ പാലിച്ചു വേണം ചടങ്ങുകളിൽ ആളുകൾ പങ്കെടുക്കാൻ. സർക്കാർ, മത-രാഷ്‌ട്രീയ സംഘടനകളുടെ പരിപാടികളിൽ 20 പേരിൽ കൂടുതൽ ആളുകൾ പങ്കെടുക്കാൻ പാടുള്ളതല്ല. ഹോട്ടലുകൾ കടകൾ എന്നിവിടങ്ങളിൽ ഒരേസമയം അഞ്ചിൽ കൂടുതൽ ആളുകൾ ഉണ്ടാകാൻ പാടില്ല. നിയമം ലംഘിച്ചാൽ, നിരോധനാജ്ഞ ലംഘനമായി കണക്കാക്കുകയും കേസെടുക്കുകയും ചെയ്യും.

സ്‌ഥാപനങ്ങൾ രണ്ട് ലെയറുകൾ ഉള്ള തുണി മാസ്‌കുകൾ, സാനിറ്റൈസറുകൾ എന്നിവ തൊഴിലാളികൾക്ക് നിർബന്ധമായും നൽകിയിരിക്കണം. ആശുപത്രി ഒഴികെയുള്ള സ്‌ഥാപനങ്ങളിൽ എ.സി പ്രവർത്തിപ്പിക്കാൻ പാടില്ല. അല്ലാത്ത ഇടങ്ങളിൽ വായുസഞ്ചാരം ഉറപ്പാക്കണം. മാർക്കറ്റുകൾ, ഷോപ്പിംഗ് മാളുകൾ എന്നിവ നിയന്ത്രിത മേഖലകളായി പ്രഖ്യാപിച്ചിട്ടുണ്ട്.

വളരെ വലിയ കടകൾ ആണെങ്കിൽ, 100 ചതുരശ്ര മീറ്ററിൽ 15 വ്യക്തികൾക്ക് പ്രവേശിക്കാം. രണ്ട് ആളുകൾ തമ്മിലുള്ള ദൂരം ആറ് അടി ആയിരിക്കണം. അവശ്യ സേവനങ്ങൾക്കും ആരോഗ്യസേവനങ്ങൾക്കും ഒഴികെ കോവിഡ് സോണുകളിൽ നിന്നുള്ള ആളുകൾ കടകളിലും മറ്റും പോകാനോ ജോലിക്ക് പോകാനോ പാടില്ല. നിയന്ത്രണം ലംഘിച്ച് പ്രവർത്തിക്കുന്ന സ്‌ഥാപനങ്ങളുടെ പ്രവർത്തനാനുമതി റദ്ദാക്കും എന്നത് ഓർക്കുക.

National Issue: രാഹുലിനെ തടഞ്ഞ സംഭവം; പോലീസ് നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് ശിവസേന

കളിസ്ഥലങ്ങൾ, ടർഫ്, ജിംനേഷ്യം, യോഗ /ഫിറ്റ്നസ് സെൻറർ, സ്വിമ്മിങ് പൂൾ, സിനിമ തിയേറ്റർ, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ നേരത്തെ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ തുടരും. ബീച്ചുകളിൽ രാവിലെയും വൈകിട്ടുമുള്ള നടത്തത്തിന് നിയന്ത്രണം ബാധകമാണ്. വിനോദ സഞ്ചാര സ്‌ഥലങ്ങൾ, പാർക്കുകൾ എന്നിവിടങ്ങളിലും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.

കടകളും സ്‌ഥാപനങ്ങളും ഹാൻഡ് സാനിറ്റൈസർ, തെർമൽ ഗൺ തുടങ്ങിയവ പ്രവേശന കവാടത്തിൽ തന്നെ സജ്ജീകരിച്ചിരിക്കണം. സന്ദർശകർ നിർബന്ധമായും സ്‌ക്രീനിങ്ങിന് വിധേയരാകണം. രോഗലക്ഷണം ഉള്ള ആളുകൾ, ജോലിക്കാർ, സന്ദർശകർ എന്നിവരെ ആരോഗ്യ പരിശോധനക്കായി ആശുപത്രികളിലേക്ക് അയക്കാൻ പാടില്ല. ഇങ്ങനെയുള്ളവർ ഫോൺ മുഖേന മെഡിക്കൽ ഓഫീസർക്ക് റിപ്പോർട്ട് ചെയ്യണം. ഇവർ കോവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്‌റ്റർ ചെയ്യുകയും വേണം. കടകൾ, സ്ഥാപനങ്ങൾ എന്നിവ കോവിഡ് ജാഗ്രത പോർട്ടൽ നിർബന്ധമായും പിന്തുടരണം. ഓഫീസുകൾ, സ്‌ഥാപനങ്ങൾ എന്നിവിടങ്ങളിൽ നടത്തുന്ന യോഗങ്ങളിൽ 20ൽ കൂടുതൽ പേർ പങ്കെടുക്കാൻ പാടില്ല.

മാർക്കറ്റുകളിൽ കയറ്റിറക്ക് ജോലികൾ നിശ്ചിത സ്‌ഥലത്തായി പരിമിതപ്പെടുത്തും. കടകളുടെ നമ്പർ അടിസ്‌ഥാനത്തിൽ ഒറ്റ, ഇരട്ട നമ്പർ ക്രമത്തിൽ ഒന്നിടവിട്ട ദിവസങ്ങളിലാണ് കയറ്റിറക്ക് ജോലികൾ നടക്കുക. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്‌ഥാപനവും പൊലീസും ഇക്കാര്യം നടപ്പിൽ വരുത്തും. എല്ലാ മാർക്കറ്റുകളും ബസ് സ്‌റ്റാൻഡുകളും മറ്റ് പൊതുസ്‌ഥലങ്ങളും ദിവസത്തിൽ ഒരിക്കലെങ്കിലും അണു വിമുക്‌തമാക്കുന്നു എന്നത് എല്ലാ തദ്ദേശസ്വയംഭരണ സ്‌ഥാപന സെക്രട്ടറിമാരും ഉറപ്പാക്കണമെന്നും നിരോധന ഉത്തരവിൽ നിർദ്ദേശിച്ചു.

ശ്രദ്ധിക്കുക; പാലിക്കുക

1) പൊതു സ്‌ഥലങ്ങളില്‍ അഞ്ചു പേരില്‍ അധികം കൂട്ടം കൂടാൻ പാടില്ല

2) വിവാഹങ്ങളില്‍ പരമാവധി 50 പേരെയും മരണാനന്തര ചടങ്ങുകളില്‍ 20 പേരെയും മാത്രമേ അനുവദിക്കു

3) സാംസ്‌കാരിക പരിപാടികള്‍, സർക്കാർ നടത്തുന്ന പൊതു പരിപാടികള്‍, രാഷ്ട്രിയ, മത ചടങ്ങുകള്‍ തുടങ്ങിയവയില്‍ പരമാവധി 20 പേരെ മാത്രമേ അനുവദിക്കു

4) മാര്‍ക്കറ്റുകള്‍, ബസ് സ്‌റ്റോപ്പുകൾ, പൊതു ഗതാഗത സംവിധാനങ്ങള്‍, ഓഫീസുകള്‍, കടകള്‍, ഹോട്ടലുകൾ, ജോലിയിടങ്ങള്‍, ആശുപത്രികള്‍, പരീക്ഷ കേന്ദ്രങ്ങള്‍, വ്യവസായ സ്‌ഥാപനങ്ങൾ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ ബ്രേക്ക് ദി ചെയിൻ നിയമങ്ങൾ പാലിച്ചും സാമൂഹിക അകലം പാലിച്ചും കര്‍ശന നിയന്ത്രണങ്ങളോടെ മാത്രമേ നടത്താൻ പാടുള്ളു.

5) വ്യാപാര സ്‌ഥാപനങ്ങൾക്കും ഹോട്ടലുകൾക്കും രാത്രി 8 മണി വരെ പ്രവർത്തിക്കാം. ഹോട്ടലുകളുടെ പാർസൽ സർവ്വീസുകൾക്ക് രാത്രി 9 മണി വരെ ഭക്ഷണം വിതരണം ചെയ്യാം.

6) ഇൻഡോർ ഔട്ട്ഡോർ കായിക വിനോദങ്ങളും ടർഫ് , സ്വീമ്മിങ്ങ്പൂൾ , ജിംനേഷ്യങ്ങൾ എന്നിവയുടെ പ്രവർത്തനവും അനുവദനീയമല്ല.

Must Read: യോഗി രാജ്യത്തിന്റെ ഉടമയല്ല, ജനങ്ങളുടെ സേവകനാണ്, അത് മറക്കരുത്; കെജ്‌രിവാള്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE