കണ്ണൂർ: തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷം. ഇന്നലെ 27 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. മട്ടാമ്പ്രം, ഗോപാലപ്പെട്ട, കൊളശ്ശേരി, പിണറായി എന്നിവിടങ്ങളിലാണ് തെരുവുനായയുടെ ആക്രമണം ഉണ്ടായത്. ഇന്നലെ രാവിലെ മുതൽ വൈകിട്ട് വരെയുള്ള സമയങ്ങളിലാണ് പലർക്കും കടിയേറ്റത്. കടിയേറ്റവരെ തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇതര സംസ്‌ഥാന തൊഴിലാളികൾ ഉൾപ്പടെ ഉള്ളവർക്കാണ് നായയുടെ കടിയേറ്റത്. ഇതോടെ പ്രദേശങ്ങളിലെ ആളുകൾ പുറത്തിറങ്ങാൻ ഭയപ്പെടുകയാണ്. തലശ്ശേരിയിലും സമീപ പ്രദേശങ്ങളിലും തെരുവ് നായ ശല്യം വ്യാപകമാണ്. ദിവസവും നായയുടെ കടിയേറ്റ് ജനറൽ ആശുപത്രിൽ ചികിൽസ തേടുന്നവരുടെ എണ്ണം നിരവധിയാണെന്നും നാട്ടുകാർ പറഞ്ഞു.
തദ്ദേശ സ്‌ഥാപനങ്ങളിലെ അധികൃതർ വിഷയത്തിൽ ഒരു നടപടിയും സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ദിവസം കൂടുതോറും ആളുകൾ പുറത്തിറങ്ങാൻ ഭയക്കുകയാണ്. ജോലിക്കും മറ്റ് ആവശ്യങ്ങൾക്കും പോകുന്നവർക്കാണ് നായയുടെ കടി ഏൽക്കുന്നതെന്നും, വിഷയത്തിൽ അധികൃതർ ഇടപെട്ട് ഉചിതമായ നടപടി കൈക്കൊള്ളണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
Read Also: യുപിയിൽ ബസുകൾ കൂട്ടിയിടിച്ച് 7 മരണം; നിരവധി പേർക്ക് പരിക്ക്