ഗോണ്ട: ഉത്തർപ്രദേശിലെ ഗോണ്ട ജില്ലയിൽ 15 വയസുകാരിയെ നാല് പേർ കൂട്ടബലാല്‍സംഗം ചെയ്‌തതായി പോലീസ്. ഇന്നലെ വൈകീട്ടോടെ പെൺകുട്ടി പരാതി നൽകിയതായും ഇതിന്റെ അടിസ്‌ഥാനത്തിൽ കേസ് രജിസ്‌റ്റർ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായും ഗോണ്ട പോലീസ് സൂപ്രണ്ട് ശൈലേഷ് കുമാർ പാണ്ഡെ അറിയിച്ചു.
‘ഇന്നലെ വൈകുന്നേരം 15 വയസുകാരി മങ്കാപൂർ പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. തന്റെ ഗ്രാമത്തിലെ 48–49 വയസ് പ്രായമുള്ള ഒരാളും മറ്റ് മൂന്നുപേരും ചേർന്ന് കൂട്ടബലാല്‍സംഗത്തിന് ഇരയാക്കിയതായി പരാതിയിൽ പറയുന്നു. കേസ് രജിസ്‌റ്റർ ചെയ്യുകയും പെൺകുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കുകയും ചെയ്‌തിട്ടുണ്ട്,’ എസ്‌പി അറിയിച്ചു.
പെൺകുട്ടിയുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ മങ്കാപൂരിലെ ബാബുരാം കൂടാതെ അജ്‌ഞാതരായ മൂന്ന് പേർക്കെതിരെ കൂട്ട ബലാൽസംഗം, പോക്‌സോ ആക്റ്റ് തുടങ്ങി വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
സ്‌കൂളിൽ നിന്നും സൈക്കിളിൽ വീട്ടിലേക്ക് മടങ്ങവേയാണ് പെൺകുട്ടിക്ക് നേരെ അതിക്രമം നടന്നത്. ബെൽബാരിയക്കടുത്ത് വെച്ച് നാലുപേർ കുട്ടിയെ തടഞ്ഞുനിർത്തി, സൈക്കിളിൽ നിന്ന് വലിച്ചിടുകയും അടുത്തുള്ള കരിമ്പിൻ വയലിലേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയും ആയിരുന്നു.
ബലാൽസംഗ ശ്രമത്തെ എതിർത്തപ്പോൾ പ്രതികൾ കത്തികൊണ്ട് ആക്രമിച്ചതായും വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.
അതേസമയം പെൺകുട്ടിയുടെ കുടുംബവും ബാബുരാമും തമ്മിൽ നേരത്തെ തർക്കങ്ങൾ ഉണ്ടായിട്ടുള്ളതായി വിവരം ലഭിച്ചുവെന്നും സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും എസ്‌പി വ്യക്‌തമാക്കി. പ്രതികൾക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Read Also: ‘ഇന്ത്യന്‍ കുടുംബ വ്യവസ്‌ഥക്ക് വിരുദ്ധം’; സ്വവര്‍ഗ വിവാഹത്തെ എതിര്‍ത്ത് കേന്ദ്രം