ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പയുടെ വിശ്വസ്‌തരുടെ സ്‌ഥാപനങ്ങളിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്. നിർണായക രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. യെദിയൂരപ്പ സർക്കാരിന്റെ കാലത്തെ കരാറുകൾ സംബന്ധിച്ചും ആദായ നികുതി വകുപ്പ് പരിശോധന നടത്തുകയാണ്.
യെദിയൂരപ്പ മുഖ്യമന്ത്രിയായിരുന്ന കാലത്തെ കരാർ രേഖകളുള്ള നാല് ബാഗുകൾ ഉദ്യോഗസ്‌ഥർ പിടിച്ചെടുത്തു. യെദിയൂരപ്പ മുഖ്യമന്ത്രിയായിരിക്കെ ജലവിഭവ വകുപ്പിന് അനുവദിച്ച കരാർ രേഖകളാണ് പ്രധാനമായും പിടിച്ചെടുത്തത് എന്നാണ് റിപ്പോർട്ടുകൾ.
യെദിയൂരപ്പയുടെ പിഎ ഉമേഷിന്റെ വസതിയിൽ നിന്നാണ് ഇവ പിടിച്ചെടുത്തത്. നാല് ബാഗുകളുമായാണ് റെയ്‌ഡിന് ശേഷം ആദായ നികുതി വകുപ്പ് ഉദ്യോഗസ്‌ഥർ മടങ്ങിയത്. യെദിയൂരപ്പയുടെ മകൻ ബിവൈ വിജയേന്ദ്രക്ക് പങ്കാളിത്തമുള്ള കമ്പനികൾക്ക് ജലവിഭവ വകുപ്പ് അനധികൃത ടെൻഡർ നൽകിയതായി നേരത്തെ ആരോപണം ഉയർന്നിരുന്നു.
ആദായനികുതി റെയ്‌ഡ് സംബന്ധിച്ച ചോദ്യങ്ങൾക്ക്, കാത്തിരുന്ന് കാണാമെന്നാണ് യെദിയൂരപ്പ പ്രതികരിച്ചത്. റെയ്‌ഡ് സ്വഭാവികമാണ്, രാഷ്‌ട്രീയ പ്രേരിതമല്ല. ഉപതിരഞ്ഞെടുപ്പിനെ റെയ്‌ഡ് ബാധിക്കില്ല. തന്റെ വിശ്വസ്‌തൻ തന്നെയാണ് ഉമേഷ് എന്നും യെദിയൂരപ്പ മാദ്ധ്യമങ്ങളോടെ പറഞ്ഞു.
Read Also: ലഖിംപൂർ ഖേരി അക്രമം; കേന്ദ്രമന്ത്രിയുടെ മകനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചു