തിരുവനന്തപുരം: പെട്രോൾ-ഡീസൽ, പാചകവാതക വിലകൾക്ക് പിന്നാലെ മണ്ണെണ്ണ വിലയിലും വൻ വർധന. ഇന്ന് ഒറ്റ ദിവസം കൊണ്ട് മണ്ണെണ്ണയുടെ വിലയിൽ 8 രൂപയാണ് വർധിപ്പിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വർധനയാണ് ഇപ്പോൾ മണ്ണെണ്ണയുടെ വിലയിൽ ഉണ്ടായത്.
വില വർധിപ്പിച്ചതോടെ നിലവിൽ ഒരു ലിറ്റർ മണ്ണെണ്ണയുടെ വില 55 രൂപയായി ഉയർന്നു. 45 രൂപയാണ് മണ്ണെണ്ണയുടെ അടിസ്‌ഥാന വില. ഇതിനൊപ്പം ഡീലര്‍ കമ്മീഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിരക്ക്, കേന്ദ്ര-സംസ്‌ഥാന സര്‍ക്കാരുകളുടെ ജിഎസ്‌ടി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് 51 രൂപ. തുടർന്ന് ഇത് ജനങ്ങളിലേക്ക് എത്തുമ്പോള്‍ 55 രൂപയായി ഉയരും.
കഴിഞ്ഞ മാസം വരെ 47 രൂപയായിരുന്ന വിലയാണ് ഇപ്പോൾ 55 ആയി ഉയർന്നത്. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയാണ് കൂട്ടിയത്. റേഷൻ കടകളിൽ ഇന്ന് മുതൽ പുതുക്കിയ വിലയാണ് പ്രാബല്യത്തിൽ വരുന്നത്. മുന്‍ഗണനാ, മുന്‍ഗണനേതര വിഭാഗക്കാര്‍ക്കെല്ലാം പുതിയ വിലയാണ് നല്‍കേണ്ടി വരിക.
Read also: നികുതി ഭീകരത; ഇന്ധന വിലവർധനയിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം