ന്യൂഡെൽഹി: 1993-96ലെ കരാറുകൾക്ക് വിരുദ്ധമായി അതിർത്തിയിൽ വൻതോതിൽ സൈനികരെ വിന്യസിച്ചതിനാൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം നിലവിൽ സാധാരണഗതിയിൽ അല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ചൈനയുടെ വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്‌ച നടത്തിയതിന് പിന്നാലെ വിളിച്ച വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
ഉഭയകക്ഷിബന്ധത്തില്‍ സ്‌ഥിരതയും വ്യക്‌തതയും വേണമെന്ന് ചൈനയോട് ഇന്ത്യ ആവശ്യപ്പെട്ടു. അതിര്‍ത്തിയില്‍ സാധാരണനില പുനഃസ്‌ഥാപിക്കാനുള്ള നടപടികള്‍ക്ക് വേഗമില്ല. സൈനികപിൻമാറ്റം വേഗത്തിലാക്കണമെന്ന് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തില്‍ ഇന്ത്യ ആവശ്യപ്പെട്ടു. നിലവിലെ കാര്യങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുക ആണ്. എന്നാൽ അഭിലഷണീയമായതിലും കുറഞ്ഞ വേഗതയിലാണ് പുരോഗമിക്കുന്നത്; വിദേശകാര്യ മന്ത്രി പറഞ്ഞു.
“വളരെ വലിയ സൈനിക വിന്യാസങ്ങൾ അതിർത്തിയിൽ ഉണ്ടായിട്ടുണ്ട്, അതിർത്തിയിലെ സ്‌ഥിതി സാധാരണഗതിയിലല്ല. ഇപ്പോഴും സംഘർഷ മേഖലകൾ ഉണ്ട്, പാങ്കോങ് സോ ഉൾപ്പെടെയുള്ള ചില സംഘർഷ മേഖലകളിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിൽ പുരോഗതി കൈവരിച്ചിട്ടുണ്ട്. ഇത് എങ്ങനെ മുന്നോട്ട് കൊണ്ടുപോകാം എന്നതായിരുന്നു ഇന്നത്തെ ഞങ്ങളുടെ ചർച്ച. 15 റൗണ്ട് ചർച്ചകൾ ഇതുവരെ ഈ വിഷയത്തിൽ നടന്നു,”- വിദേശകാര്യ മന്ത്രി പറഞ്ഞു.
യഥാർഥ നിയന്ത്രണ രേഖയിൽ സൈനിക പിൻമാറ്റത്തിനും സൈനിക ബലം കുറക്കുന്നതുമായി ബന്ധപ്പെട്ടും എന്തെങ്കിലും ടൈംലൈൻ സജ്‌ജീകരിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ജയശങ്കറിന്റെ മറുപടി ഇങ്ങനെ; “ടൈംലൈൻ ഇല്ല… അതിർത്തി പ്രദേശങ്ങളിലെ സ്‌ഥിതിഗതികൾ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട് സമാന്തരവും എന്നാൽ ഒരു പ്രത്യേകമായതും ആയ ചർച്ച നടന്നു.”
വിദേശകാര്യ സെക്രട്ടറി ഹർഷ് ശ്രിംഗ്ള, വിദേശകാര്യ മന്ത്രാലയ വക്‌താവ് അരിന്ദം ബാഗ്ചി എന്നിവരുൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്‌ഥരും വാർത്താ സമ്മേളനത്തിൽ എസ് ജയശങ്കറിനൊപ്പം ചേർന്നു. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ (എൽഎസി) ഇരു രാജ്യങ്ങളുടെയും സൈന്യങ്ങൾ യുദ്ധം ചെയ്‌തതിന് ശേഷം ഏകദേശം രണ്ട് വർഷത്തിനിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ആദ്യത്തെ പ്രധാന നയതന്ത്ര ഇടപെടലാണിത്.
“വിദേശകാര്യ മന്ത്രി വാങ് യിയുമായുള്ള എന്റെ ചർച്ചകൾ അവസാനിച്ചു. ഞങ്ങൾ ഏകദേശം മൂന്ന് മണിക്കൂറോളം കൂടിക്കാഴ്‌ച നടത്തുകയും വിശാല കാര്യമായ അജണ്ടയെ തുറന്നതും സത്യസന്ധവുമായ രീതിയിൽ അഭിസംബോധന ചെയ്യുകയും ചെയ്‌തു. 2020 ഏപ്രിലിൽ ചൈനീസ് നടപടികളുടെ ഫലമായി തകർന്ന ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ച് ഞങ്ങൾ ചർച്ച ചെയ്‌തു,” വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
Most Read: ഇന്ധന വിലക്കയറ്റം; പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി