ന്യൂഡെൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 2,58,089 പേർക്ക് കോവിഡ് രോഗബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ റിപ്പോർട് ചെയ്‌തതിനെക്കാൾ 13,113 കേസുകൾ കുറവാണ് ഇന്ന് റിപ്പോർട് ചെയ്യപ്പെട്ടതെന്ന് മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്‌തമാക്കുന്നു.
ഒരു ദിവസത്തിനിടെ 385 പേർക്കാണ് രാജ്യത്ത് കോവിഡ് മൂലം ജീവൻ നഷ്‌ടമായത്. അതേസമയം 1,51,740 ആളുകൾ രോഗമുക്‌തിയും നേടിയിട്ടുണ്ട്.
നിലവിൽ 16,56,341 സജീവ കേസുകളാണ് രാജ്യത്തുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 119.65 ശതമാനമാണ്.
കേരളത്തിലും രോഗവ്യാപനം രൂക്ഷമാണ്. കഴിഞ്ഞ ദിവസം 18,123 പേർക്കാണ് കേരളത്തിൽ കോവിഡ് സ്‌ഥിരീകരിച്ചത്. 59,314 സാമ്പിൾ പരിശോധനയ്‌ക്ക് വിധേയമാക്കി. രോഗമുക്‌തി നേടിയവർ 4,749 പേരും കോവിഡ് മരണം സ്‌ഥിരീകരിച്ചത് 8 പേർക്കുമാണ്.
രാജ്യത്ത് ഒമൈക്രോൺ വ്യാപനവും ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. ഇതുവരെ 8,209 കേസുകളാണ് രാജ്യത്ത് റിപ്പോർട് ചെയ്യപ്പെട്ടത്.
അതേസമയം രാജ്യത്ത് വാക്‌സിനേഷനും പുരോഗമിക്കുകയാണ്. ഇതുവരെ 158.12 കോടിയിലധികം വാക്‌സിൻ ഡോസുകൾ സംസ്‌ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും നൽകിയതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Most Read: വാക്‌സിനെടുക്കാന്‍ ആരെയും നിര്‍ബന്ധിക്കില്ലെന്ന് സുപ്രീം കോടതിയില്‍ കേന്ദ്രം