ന്യൂഡെൽഹി: ഇന്ത്യയും സൗദി അറേബ്യയും ഇസ്രയേൽ- ഹമാസ് സംഘർഷത്തെ കുറിച്ച് ചർച്ച ചെയ്‌തതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ന്യൂഡെൽഹിയിൽ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാനുമായുള്ള കൂടിക്കാഴ്‌ചയിലാണ് ഇസ്രയേൽ-ഹമാസ് സംഘർഷം ചർച്ചയായത്.
ദ്വിരാഷ്‌ട്ര ചർച്ചകളിലൂടെ പലസ്‌തീൻ പ്രശ്‌നം പരിഹരിക്കുന്നതിനെ ഇന്ത്യ പിന്തുണയ്‌ക്കുന്നുവെന്നും തീവ്രവാദ പ്രവർത്തനങ്ങളെ ഇന്ത്യ അപലപിക്കുന്നുവെന്നും ജയശങ്കർ പറഞ്ഞു. പശ്‌ചിമേഷ്യയിലെ സുസ്‌ഥിരതയ്‌ക്കുള്ള ശക്‌തിയാണ് സൗദിയെന്ന് ജയശങ്കർ പറഞ്ഞു.
പശ്‌ചിമേഷ്യയിലെ സ്‌ഥിതി വളരെ ആശങ്കാജനകമാണ്, പ്രത്യേകിച്ച് ഗാസയിലെ സംഘർഷം. ഭീകരവാദത്തെ ഞങ്ങൾ അപലപിക്കുന്നു. നിരപരാധികളായ സാധാരണക്കാരുടെ തുടർച്ചയായ മരണത്തിൽ ഞങ്ങൾ വളരെ വേദനിക്കുന്നു. രാജ്യാന്തര മാനുഷിക നിയമം കണക്കിലെടുത്ത് വേണം ഏതൊരു പ്രതികരണമെന്നും ജയശങ്കർ പറഞ്ഞു.
ഇന്ത്യയും സൗദിയും തമ്മിലുള്ള രാഷ്‌ട്രീയ, തന്ത്രപര, വ്യാപാര ബന്ധങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന സ്‌ട്രാറ്റജിക് പാർട്ട്ണർഷിപ്പ് കൗൺസിലിന് കീഴിലുള്ള രാഷ്‌ട്രീയ, സുരക്ഷ, സമൂഹക, സാംസ്‌കാരിക, സഹകരണ സമിതിയുടെ രണ്ടാം യോഗത്തിൽ രണ്ട് വിദേശകാര്യ മന്ത്രിമാരും സഹ അധ്യക്ഷൻമാരായിരുന്നു.
Most Read| നിന്ന നിൽപ്പിൽ ഗിന്നസ് ബുക്കിൽ കയറിയ കോഴി! ഇതാണ് മക്കളെ ‘കോഴിക്കെട്ടിടം’