ന്യൂഡെൽഹി: ഈ മാസം 15 മുതൽ വിദേശ വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള ഉത്തരവ് മരവിപ്പിച്ച് ഇന്ത്യ. ഒമൈക്രോൺ വകഭേദത്തെ പ്രതിരോധിക്കാൻ നടപടികൾ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്രത്തിന്റെ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത ഉന്നതതല അവലോകന യോഗത്തിൽ അദ്ദേഹം തന്നെയാണ് സിവിൽ വ്യോമയാന മന്ത്രാലയത്തോട് വിദേശ സർവീസുകൾ പുനഃരാരംഭിക്കുന്നത് പരിശോധിക്കാൻ നിർദ്ദേശിച്ചത്.
വിവിധ സംസ്‌ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമാനമായ ആവശ്യം മുന്നോട്ട് വെച്ചിരുന്നു. വിമാന സർവീസുകൾ പുനഃരാരംഭിക്കാനുള്ള തീരുമാനത്തെ ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വിമർശിച്ചിരുന്നു. ആദ്യ തരംഗത്തിലും രണ്ടാം തരംഗത്തിലും വിമാന സർവീസുകൾ നിർത്തിവെക്കാൻ വൈകിയത് രോഗവ്യാപനം തീവ്രമാക്കിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് സിവിൽ വ്യോമയാന മന്ത്രാലയം തീരുമാനം മരവിപ്പിച്ചിരിക്കുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു. സർവീസുകൾ പുനഃരാരംഭിക്കുമെന്ന് നേരത്തെ അറിയിച്ചത് അനുസരിച്ച് വിദേശ രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നതിനായി നിരവധി പേരാണ് ടിക്കറ്റ് എടുത്തിരുന്നത്. സർക്കാരിന്റെ പുതിയ തീരുമാനം ഇവർക്ക് തിരിച്ചടിയാവും.
Read Also: ഭയവും നിഗൂഢതയും നിറയ്‌ക്കുന്ന ദൃശ്യങ്ങൾ; മിന്നൽ മുരളിയുടെ ബോണസ് ട്രെയ്‌ലർ കാണാം