ഡെൽഹി: യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിനൊടുവിൽ കോവിഡ് കാലഘട്ടത്തിൽ സർവീസ് നടത്തിയിരുന്ന ‘സ്‌പെഷ്യൽ ട്രെയിനുകൾ’ സാധാരണ സ്‌ഥിതിയിലേക്കെത്തുന്നു. മെയിൽ, എക്‌സ്‌പ്രസ് ട്രെയിനുകൾക്കുള്ള ‘സ്‌പെഷ്യൽ’ ടാഗ് നിർത്തലാക്കാനും അടിയന്തര പ്രാബല്യത്തോടെ കോവിഡിന് മുമ്പുള്ള ടിക്കറ്റ് നിരക്കിലേക്ക് മടങ്ങാനും ഇന്ത്യൻ റെയിൽവേ വെള്ളിയാഴ്‌ച ഉത്തരവ് പുറപ്പെടുവിച്ചു.
ടിക്കറ്റിന് അധിക തുക ഈടാക്കിയുള്ള ഈ സർവീസ് സ്‌ഥിരം യാത്രികർക്കും സാധാരണക്കാർക്കും ഏറെ പ്രയാസം സൃഷ്‌ടിച്ചിരുന്നു. സാധാരണ നമ്പറിൽ തന്നെ പ്രവർത്തിപ്പിക്കാമെന്നും കോവിഡിന് മുമ്പുള്ള നിരക്കിലേക്ക് മാറണമെന്നും സോണൽ ഓഫിസർമാർക്ക് വെള്ളിയാഴ്‌ച റെയിൽവേ ബോർഡ് അയച്ച കത്തിൽ അറിയിച്ചു.
കോവിഡിന്റെ പശ്‌ചാത്തലത്തിൽ ലോക്ക്ഡൗൺ ഇളവ് ചെയ്‌തതിന് ശേഷം സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ മാത്രമാണ് റെയിൽവേ നടത്തിയിരുന്നത്. ആദ്യം ദീർഘദൂര ട്രെയിനുകളും പിന്നീട് പാസഞ്ചർ തീവണ്ടികൾ പോലും ഇത്തരത്തിൽ സ്‌പെഷ്യൽ ടാഗോടെ ഉയർന്ന നിരക്കിലായിരുന്നു സർവീസ് നടത്തിയിരുന്നത്.
Also Read: എംഎ ലത്തീഫിന്റെ സസ്‌പെൻഷൻ; കെ സുധാകരനെതിരെ പ്രകടനം