ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസം മിൽഖാ സിങ് വിടവാങ്ങി

By News Desk, Malabar News

ചണ്ഡീഗഢ്: ഇന്ത്യയുടെ അത്‌ലറ്റിക് ഇതിഹാസ താരം മിൽഖാ സിങ് അന്തരിച്ചു. 91 വയസായിരുന്നു. കോവിഡ് മുക്‌തി നേടിയതിന് പിന്നാലെയുണ്ടായ ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് ചണ്ഡീഗഢിലെ പോസ്‌റ്റ് ഗ്രാജുവേറ്റ് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (പിജിഐഎംആർ) ഹോസ്‌പിറ്റലിൽ ആയിരുന്നു അന്ത്യം.

മെയ് 20നാണ് ഇദ്ദേഹത്തിന് കോവിഡ് സ്‌ഥിരീകരിച്ചത്. ബുധനാഴ്‌ച നടന്ന കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആവുകയും ചെയ്‌തിരുന്നു. എന്നാല്‍, രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്‌സിജൻ ലെവൽ കുറയുകയും ചെയ്‌തതോടെ വീണ്ടും ഐസിയുവിലേക്ക് മാറ്റി.

നേരത്തെ കോവിഡ് സ്‌ഥിരീകരിച്ച മിൽഖയെ മൊഹാലിയിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഡിസ്‌ചാര്‍ജ് ആയശേഷം ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് ആരോഗ്യം വീണ്ടെടുത്തതിനെ തുടര്‍ന്ന് ചണ്ഡീഗഡിലെ വീട്ടില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു ഇദ്ദേഹം.

ഭാര്യയും ഇന്ത്യന്‍ വോളിബോള്‍ ടീമിന്റെ മുന്‍ ക്യാപ്റ്റയുമായ നിര്‍മല്‍ കൗറിന്റെ മരണത്തിന് അഞ്ചു ദിവസത്തിന് ശേഷമാണ് മില്‍ഖാ സിങ്ങിന്റെ മരണം സംഭവിച്ചിരിക്കുന്നത്. കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടര്‍ന്ന് മൊഹാലിയിലെ ആശുപത്രിയില്‍ ചികിൽസയിൽ കഴിയുന്നതിനിടെയാണ് നിർമൽ അന്തരിച്ചത്.

‘പറക്കും സിഖ്’ (ഫ്‌ളയിങ് സിഖ്) എന്ന പേരിലറിയപ്പെടുന്ന മില്‍ഖ ഏഷ്യന്‍ ഗെയിംസിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും 400 മീറ്ററില്‍ സ്വര്‍ണം നേടിയ ഏക ഇന്ത്യക്കാരനാണ്. 1958, 1962 വര്‍ഷങ്ങളില്‍ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ മില്‍ഖ സിങ് 1956 മെല്‍ബണ്‍ ഒളിംപിക്‌സിലും 1960 റോം ഒളിംപിക്‌സിലും 1964 ടോക്യോ ഒളിംപിക്‌സിലും ഇന്ത്യക്ക് വേണ്ടി മൽസരിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ നാല് തവണ സ്വര്‍ണ മെഡല്‍ നേടിയിട്ടുണ്ട്. 1960ലെ റോം ഒളിംപിക്‌സിൽ 400 മീറ്ററില്‍ നാലാം സ്‌ഥാനത്തെത്തി. 0.1 സെക്കന്റ് വ്യത്യാസത്തിലാണ് അന്ന് മെഡൽ നഷ്‌ടമായത്. 1958ല്‍ കട്ടക്കില്‍ നടന്ന ദേശീയ ഗെയിംസില്‍ 200, 400 മീറ്ററിലും ഇദ്ദേഹം സ്വർണം നേടിയിട്ടുണ്ട്. 1964ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയ ഗെയിംസില്‍ 400 മീറ്ററില്‍ വെള്ളിയും നേടി. രാജ്യത്തിനായി മിൽഖ നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 1959ല്‍ രാജ്യം അദ്ദേഹത്തിന് പദ്‌മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

Also Read: ‘ഫ്രീ ഫയർ’ ചതിച്ചു; ആലുവയിൽ വിദ്യാർഥി നഷ്‌ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE