ആലപ്പുഴ: കുത്തിവെപ്പ് മരുന്നുകൾ ഇനി കുറഞ്ഞ വിലക്ക് വിപണിയിലെത്തും. ഇതിന് വേണ്ടിയുള്ള പുതിയ പ്‌ളാന്റ് പൊതുമേഖലാ സ്‌ഥാപനമായ കെഎസ്‌ഡിപി (Kerala State Drugs and Pharmaceuticals Ltd.)യിലാണ് ഒരുങ്ങുക. ആലപ്പുഴ ജില്ലയിലെ കലവൂരിലാണ് കെഎസ്‌ഡിപി സ്‌ഥിതി ചെയ്യുന്നത്. മരുന്ന് നിർമിക്കുവാൻ വേണ്ടി 15 കോടി രൂപയുടെ വിദേശനിർമിത മെഷീനുകൾ ആലപ്പുഴയിൽ എത്തിച്ച് കഴിഞ്ഞു.
ആദ്യ ഘട്ടത്തിൽ പതിനാലിനം മരുന്നുകളാണ് ഉൽപാദിപ്പിക്കുക. കെഎസ്‌ഡിപിയിൽ സജ്‌ജമാക്കുന്ന അസപ്റ്റിക് ബ്‌ളോ ഫിൽ സീൽ എന്ന യന്ത്രം മണിക്കൂറിൽ രണ്ടായിരം കുപ്പി മരുന്നുകൾ ഉൽപാദിപ്പിക്കാൻ ശേഷിയുള്ളതാണ്. ആന്റിബയോട്ടിക് ഇഞ്ചക്ഷൻ മരുന്നുകളും ഗ്‌ളൂക്കോസും നിർമിക്കാനാണ് ഈ യന്ത്രം ഉപയോഗിക്കുന്നത്.
മരുന്നിന് പുറമേ അവ നിറക്കാനുള്ള ബോട്ടിലുകൾ നിർമിച്ച് ലേബൽ പതിക്കുന്നത് ഉൾപ്പടെയുള്ള പ്രവർത്തനങ്ങളെല്ലാം ഈ യന്ത്രം നിർവഹിക്കും. ഉപയോഗത്തിന് ശേഷം യന്ത്രം വൃത്തിയാക്കാൻ പുറത്ത് നിന്ന് ഒരാളുടെ സഹായവും ആവശ്യമില്ല. ഓട്ടോമാറ്റിക് സംവിധാനത്തിൽ യന്ത്രം സ്വയം വൃത്തിയാക്കുകയും അണുവിമുക്‌തമാക്കുകയും ചെയ്യും.
പ്രധാന ഫോർമുലേഷൻ പ്‌ളാന്റ് പ്രവർത്തിച്ചിരുന്ന പഴയ കെട്ടിടം പുതുക്കി പണിഞ്ഞാണ് മരുന്ന് നിർമാണത്തിന് സജ്‌ജമാക്കുന്നത്. നവീകരണത്തിന്റെ ഭാഗമായി കെഎസ്‌ഡിപിയിൽ ബീറ്റാലാക്‌ടം പ്‌ളാന്റും നോൺ ബീറ്റാലാക്‌ടം പ്‌ളാന്റും നേരത്തെ തന്നെ ഒരുക്കിയിരുന്നു. മൂന്നാം ഘട്ടമായാണ് ഇപ്പോൾ മരുന്ന് ഉൽപാദനം. പ്‌ളാന്റ് പ്രവർത്തനക്ഷമം ആകുന്നതോടെ കുറഞ്ഞ വിലക്ക് മരുന്നുകൾ വിപണിയിൽ എത്തും.
Also Read: എല്ലാവരുമായും ചർച്ച; ശബരിമല വിഷയത്തിൽ നിലപാട് മാറ്റി സിപിഎം