സുശാന്തിന്റെ മരണത്തിനാണോ 20 മില്ല്യൺ ജനത്തിന്റെ തൊഴിൽ നഷ്ടത്തിനാണോ പ്രാധാന്യം?-കട്ജു

By Desk Reporter, Malabar News
markandey katju_2020-Aug-25
Ajwa Travels

ന്യൂഡൽഹി: സുശാന്ത് സിങ് രജ്പുത്തിന്റെ മരണത്തിന് ഇത്രയധികം പ്രാധാന്യം നൽകേണ്ട ആവശ്യമുണ്ടോയെന്ന് സുപ്രിം കോടതി മുൻ ചീഫ് ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ട്വിറ്ററിലായിരുന്നു കട്ജുവിന്റെ ചോദ്യം. രാജ്യത്ത് തൊഴിലില്ലായ്മ നിരക്ക് അനിയന്ത്രിതമായി വർദ്ധിച്ചിട്ടും ആരും ഇതേക്കുറിച്ച് ചർച്ച ചെയ്യുന്നില്ലെന്നും കട്ജു വിമർശിച്ചു.

“സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം ശരിക്കും പ്രസക്തമാണോ? മാർച്ച് മുതൽ 20 ദശലക്ഷം ഇന്ത്യക്കാർക്ക് ജോലി നഷ്‌ടപ്പെട്ടു, പക്ഷേ ആരും അതിനെക്കുറിച്ച് സംസാരിക്കുന്നില്ല. സുഷാന്തിന്റെ മരണത്തെക്കുറിച്ചുള്ള സംസാരം മുൻ​ഗണനാ വിഷയങ്ങളുടെ അനുപാതത്തെ വഞ്ചിക്കുകയാണ് ” – കട്ജു ട്വീറ്റ് ചെയ്തു.

രാജ്യത്ത് 2013-2014 മുതൽ തൊഴിലില്ലായ്മ നിരക്ക് കുത്തനെ വർദ്ധിക്കുന്ന പ്രവണതയാണുള്ളതെന്ന് നേരത്തെ ലേബർ ബ്യൂറോയുടെ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. ഈ അവസ്ഥയുമായി മുന്നോട്ടുപോയാൽ 2025 ആകുമ്പോഴേക്കും രാജ്യത്തെ 20 കോടിയോളം ജനങ്ങൾ മോശം ജോലിചെയ്യുന്നവരോ തൊഴിൽരഹിതരോ ആയിരിക്കുമെന്ന് ജോബോണോമിക്‌സിലെ മുതിർന്ന മാധ്യമപ്രവർത്തകൻ ഗൗതംദാസിന്റെ പുസ്തകത്തിലും പറഞ്ഞിരുന്നു.

കോവിഡ് വ്യാപനത്തോടെ തൊഴിലില്ലായ്മ നിരക്ക് വീണ്ടും കുത്തനെ കൂടുകയാണന്നാണ് റിപ്പോർട്ട്. ഈ പ്രതിസന്ധി തുടരുകയാണെങ്കിൽ ഇന്ത്യയിൽ 6 കോടിയിലേറെ യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെടുമെന്ന് ഏഷ്യൻ ഡവലപ്മെന്റ് ബാങ്കിന്റെയും രാജ്യാന്തര ലേബർ ഓർഗനൈസേഷന്റെയും റിപ്പോർട്ടുണ്ട്.

തൊഴിൽ രഹിതരുടെ എണ്ണം ദിനംപ്രതിയെന്നോണം വർദ്ധിച്ചിട്ടും ഇക്കാര്യം ചർച്ച ചെയ്യപ്പെടുന്നില്ലെന്നാണ് കട്ജുവിന്റെ ആരോപണം. നേരത്തെ കോൺ​ഗ്രസ് മുൻ അദ്ധ്യക്ഷൻ രാഹുൽ ​ഗാന്ധി തൊഴിലില്ലായ്മക്കെതിരെ രം​ഗത്തെത്തിയിരുന്നു. ഓരോ വർഷവും രണ്ട് കോടി തൊഴിൽ അവസരങ്ങൾ ഉണ്ടാകുമെന്ന വാഗ്ദാനം പാലിച്ചില്ലെന്ന് മാത്രമല്ല തെറ്റായ സാമ്പത്തിക നയങ്ങൾ നിമിത്തം കോടിക്കണക്കിന് പേർക്ക് തൊഴിൽ നഷ്ടമായെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. നോട്ട് നിരോധനം, ജിഎസ്ടി, ലോക്ക് ഡൗൺ എന്നിവ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകർത്തു. യുവജനങ്ങൾക്ക് തൊഴിൽ നൽകാൻ സാധിക്കാത്ത അവസ്ഥയിലാണ് രാജ്യമുള്ളതെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE