ന്യൂഡെൽഹി: ഇസ്രത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ മൂന്ന് പ്രതികളെ കൂടി അഹമ്മദാബാദ് സിബിഐ പ്രത്യേക കോടതി വെറുതെ വിട്ടു. ഐപിഎസ് ഉദ്യോഗസ്‌ഥനായ ജിഎസ് സിംഗാള്‍, റിട്ട. പോലീസ് ഉദ്യോഗസ്‌ഥന്‍ തരുണ്‍ ബരോട്ട്, കമാന്‍ഡോ ഉദ്യോഗസ്‌ഥന്‍ അനജൂ ചൗധരി എന്നിവരെയാണ് വെറുതെ വിട്ടത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും മോചിതരായി.
കേസിലെ പ്രതികളായ നാല് പോലീസ് ഉദ്യോഗസ്‌ഥരെ കോടതി നേരത്തെ തന്നെ വെറുതെ വിട്ടിരുന്നു. ഇതിനെതിരേ സിബിഐ അപ്പീല്‍ നൽകുകയും ചെയ്‌തിരുന്നില്ല. ഇസ്രത്ത് ജഹാന്‍ ഉൾപ്പടെ ഉള്ളവര്‍ ഭീകരര്‍ അല്ലെന്ന് തെളിയിക്കാനായില്ലെന്നും മറ്റും ചൂണ്ടിക്കാട്ടിയാണ് കോടതി ബാക്കിയുള്ള മൂന്ന് പ്രതികളെ കൂടി വെറുതെവിട്ടത്. ഇതിനെതിരെ സിബിഐ അപ്പീല്‍ നല്‍കുന്നുണ്ടെങ്കിൽ മാത്രമേ ഇനി കേസ് നിലനിൽക്കുകയുള്ളൂ.
2004 ജൂണിലാണ് മലയാളിയായ പ്രാണേഷ് പിള്ള ,അംജാദ് അലി റാണ, സീഷന്‍ ജോഹര്‍, ഇസ്രത്ത് ജഹാന്‍ എന്നിവരെ അഹമ്മദാബാദില്‍ വച്ചുണ്ടായ പോലീസ് ഏറ്റുമുട്ടലില്‍ വധിച്ചത്. നാലുപേരും ലഷ്‌കര്‍-ഇ-തൊയിബ ഭീകരരാണെന്നും അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നു എന്നുമായിരുന്നു പോലീസിന്റെ ആരോപണം.
Also Read: മൽസര രംഗത്തേക്ക് ഇനിയില്ല; വിഎം സുധീരൻ