ന്യൂഡെൽഹി: ഇസ്രയേൽ-ഹമാസ് ഏറ്റുമുട്ടൽ പശ്‌ചാത്തലത്തിൽ ഇസ്രയേലിലുള്ള ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി വിദേശകാര്യ മന്ത്രാലയം. അനാവശ്യ യാത്രകൾ ഒഴിവാക്കി പൗരൻമാർ സുരക്ഷിത സ്‌ഥാനത്ത് കഴിയണമെന്നും ജാഗ്രത പാലിക്കണമെന്നും ഇസ്രയേലിലെ ഇന്ത്യൻ എംബസി നിർദ്ദേശം നൽകി. +97235226748 എന്നതാണ് ഹെൽപ് ലൈൻ നമ്പർ.
പലസ്‌തീൻ സായുധ സംഘമായ ഹമാസ് ഇസ്രയേലിനുള്ളിൽ കടന്ന് ആക്രമണം തുടങ്ങിയതോടെയാണ് പശ്‌ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലായത്. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ടു 20 മിനിറ്റിനുള്ളിൽ അയ്യായിരം റോക്കറ്റുകൾ തൊടുത്തതായാണ് ഹമാസ് അവകാശപ്പെടുന്നത്.
ഇസ്രയേലിനുള്ളിൽ കടന്നാണ് ഹമാസ് റോക്കറ്റ് ആക്രമണം നടത്തിയത്. ആക്രമണത്തിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നൂറിലേറെ പേർക്ക് പരിക്കേറ്റു. 35 ഇസ്രയേൽ സൈനികരെ ബന്ദികളാക്കിയെന്നും ഹമാസ് അവകാശപ്പെട്ടു. അടുത്ത കാലത്തുണ്ടായ ഏറ്റവും ശക്‌തമായ അക്രമണത്തിനാണ് പലസ്‌തീൻ സായുധ സംഘമായ ഹമാസ് ഇന്ന് പുലർച്ചെ തുടക്കമിട്ടത്.
വ്യോമാക്രമണത്തിന് പിന്നാലെ ഇസ്രയേൽ പ്രത്യാക്രമണവും ആരംഭിച്ചിട്ടുണ്ട്. ഹമാസ് കേന്ദ്രങ്ങളിലേക്ക് വ്യോമാക്രമണം ആരംഭിച്ചു. ഗാർസക്ക് സമീപം ഏറ്റുമുട്ടൽ തുടരുന്നുവെന്നാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്യുന്നത്. 60 ഹമാസ് തീവ്രവാദികൾ രാജ്യത്തേക്ക് കടന്നിട്ടുണ്ടെന്നും 14 ഇടങ്ങളിൽ പോരാട്ടം തുടരുകയാണെന്നും, യുദ്ധം ആരംഭിച്ചു കഴിഞ്ഞെന്നും ഇസ്രയേൽ അറിയിച്ചു. തെക്കൻ ഇസ്രായേലിൽ ഉള്ളവർ വീടിന് പുറത്തിറങ്ങരുതെന്നാണ് നിർദ്ദേശം.
Most Read| ഏഷ്യന്‍ ഗെയിംസ്; ഇന്ത്യക്ക് പൊൻതിളക്കം- മെഡൽനേട്ടം സെഞ്ചുറി കടന്നു