‘ബന്ദികളായവർ തിരിച്ചെത്താതെ വെള്ളമോ വൈദ്യുതിയോ നൽകില്ല’; കടുപ്പിച്ചു ഇസ്രയേൽ

ഇസ്രയേൽ ഊർജമന്ത്രി ഇസ്രയേൽ കട്‌സ് ആണ് നിലപാട് കടുപ്പിച്ചു രംഗത്തെത്തിയത്. ഹമാസ് ശനിയാഴ്‌ച നടത്തിയ മിന്നലാക്രമണത്തിൽ ഇസ്രയേൽ പൗരൻമാരും വിദേശികളും ഉൾപ്പടെ 150 പേരെ ബന്ദികളാക്കി ഗാസ മുനമ്പിലേക്ക് കൊണ്ടുപോയെന്നാണ് റിപ്പോർട്.

By Trainee Reporter, Malabar News
Israel-Hamas Conflict
(കടപ്പാട്: അൽ ജസീറ)
Ajwa Travels

ടെൽ അവീവ്: ഇസ്രയേൽ-ഹമാസ് യുദ്ധം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തിൽ വീണ്ടും പ്രതികരിച്ചു ഇസ്രയേൽ. അപ്രതീക്ഷിത ആക്രമണത്തിലൂടെ ഇസ്രയേലിൽ കടന്നുകയറി ബന്ദികളാക്കിയവരെ മോചിപ്പിക്കുന്നത് വരെ, ഗാസക്ക് മനുഷ്യത്വപരമായ ഒരു സഹായവും നൽകാൻ അനുവദിക്കില്ലെന്ന് ഇസ്രയേൽ ആവർത്തിച്ച് വ്യക്‌തമാക്കി. ഇസ്രയേൽ ഊർജമന്ത്രി ഇസ്രയേൽ കട്‌സ് ആണ് നിലപാട് കടുപ്പിച്ചത്.

”ഗാസയിലേക്ക് സഹായമോ? ഹമാസ് ബന്ദികളാക്കിയ ഇസ്രയേൽ പൗരൻമാർ വീടുകളിൽ തിരിച്ചെത്തുന്നത് വരെ ഒരു ഇലക്‌ട്രിക്‌ സ്വിച്ച് ഓണാവില്ല. വെള്ളത്തിന്റെ ഒരു ടാപ്പ് പോലും തുറക്കില്ല. ഒറ്റ ഇന്ധന ട്രക്ക് പോലും അവിടേക്ക് പ്രവേശിക്കില്ല”- കട്‌സ് പറഞ്ഞു. ഹമാസ് ശനിയാഴ്‌ച നടത്തിയ മിന്നലാക്രമണത്തിൽ ഇസ്രയേൽ പൗരൻമാരും വിദേശികളും ഉൾപ്പടെ 150 പേരെ ബന്ദികളാക്കി ഗാസ മുനമ്പിലേക്ക് കൊണ്ടുപോയിട്ടുണ്ടെന്നാണ് റിപ്പോർട്.

ഹമാസിന്റെ ആക്രമണത്തിൽ 1200 പേരാണ് മരിച്ചത്. ഇസ്രയേലിന്റെ തിരിച്ചടിയിൽ അത്രതന്നെ പേര് ഹമാസിലും കൊല്ലപ്പെട്ടിട്ടുണ്ട്. ഗാസയെ പൂർണമായി ഒറ്റപ്പെടുത്തി കരയുദ്ധത്തിനാണ് ഇസ്രയേൽ നീങ്ങുന്നതെന്നാണ് റിപ്പോർട്ടുകൾ. വ്യാമാക്രമണം കടുപ്പിച്ചതിനൊപ്പം ഗാസയിലെ ജല, വൈദ്യുതി, ഇന്ധന വിതരണം ഉൾപ്പടെ നിർത്തിയിരിക്കുകയാണ്. മേഖലയിലെ ഒരേയൊരു വൈദ്യുതി നിലയത്തിൽ ഇന്ധനം തീർന്നതോടെ കഴിഞ്ഞ ദിവസം നിലയം അടച്ചുപൂട്ടി.

ഇതോടെ ഗാസ പ്രദേശം പൂർണമായി ഇരുട്ടിലായി. 20 ലക്ഷത്തോളം പേർ തിങ്ങിപ്പാർക്കുന്ന ഗാസ മുനമ്പിൽ ഇസ്രയേൽ ആക്രമണം കടുപ്പിച്ചാൽ വൻതോതിൽ ആളപായം ഉണ്ടാകുമെന്ന ആശങ്കയിലാണ് ലോകം. കരയുദ്ധത്തിലേക്ക് ഇസ്രയേൽ സൈന്യം കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഗാസ മുനമ്പിൽ ഇസ്രയേൽ സൈന്യം തമ്പടിച്ചിട്ടുണ്ട്. ഇതുവരെ യുദ്ധത്തിൽ ഇരുപക്ഷത്തുമായി കൊല്ലപ്പെട്ടവരുടെ എണ്ണം 3600 കടന്നു.

അതേസമയം, ഇസ്രയേലിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള ദൗത്യം ഇന്ന് ആരംഭിക്കും. ‘ഓപ്പറേഷൻ അജയ്’ (Operation Ajay) എന്ന പേരിലാണ് ഇന്ത്യയുടെ ദൗത്യം ആരംഭിക്കുന്നത്. ഇന്ന് രാത്രി 11.30ന് ടെൽ അവീവിൽ നിന്ന് ആദ്യത്തെ പ്രത്യേക വിമാനം ഇന്ത്യയിലേക്ക് പുറപ്പെടും. ഇന്നലെ രാത്രിയാണ് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഒഴിപ്പിക്കൽ നടപടികൾ പ്രഖ്യാപിച്ചത്. ചാർട്ടേഡ് വിമാനങ്ങൾ രക്ഷാദൗത്യത്തിനായി ഏർപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലേക്ക് തിരികെയെത്താൻ താൽപര്യമുള്ളവരുടെ പട്ടിക തയ്യാറാക്കിയതായി ഇസ്രയേൽ ഇന്ത്യൻ എംബസി അറിയിച്ചു. ഇസ്രയേലിലുള്ള മുഴുവൻ ഇന്ത്യക്കാരുടെയും വിവരശേഖരണം തുടങ്ങിയതായും എംബസി വ്യക്‌തമാക്കുന്നു. 18,000 ഇന്ത്യക്കാരെ കൂടാതെ, ഗുജറാത്തിൽ നിന്നും ഇസ്രായേലിലേക്ക് കുടിയേറിയ 60,000ത്തോളം ഇന്ത്യൻ വംശജരും സഹായം തേടിയിട്ടുണ്ട്. ഇവരെയെല്ലാം തിരിച്ചെത്തിക്കാനുള്ള നടപടികളാണ് കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്നുള്ളതെന്നാണ് വിദേശകാര്യമന്ത്രി വ്യക്‌തമാക്കിയിട്ടുള്ളത്. സ്‌ഥിതി നിരീക്ഷിക്കാൻ വിദേശകാര്യ മന്ത്രാലയം 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.

Most Read| പൊതു സ്‌ഥലങ്ങളിൽ മാലിന്യം വലിച്ചെറിയല്ലേ; പണി പിഴയായി വരും, ഒപ്പം ജയിലും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE