നീതിക്ക് വേണ്ടി അത്‌ലറ്റുകൾ തെരുവിൽ സമരം ചെയ്യുന്നത് വേദനാജനകം; നീരജ് ചോപ്ര

ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരത്തെ പിന്തുണച്ചാണ് ഒളിമ്പ്യൻ നീരജ് ചോപ്ര രംഗത്തെത്തിയത്.

By Trainee Reporter, Malabar News
Brij bhushan Sharan Singh
നീരജ് ചോപ്ര
Ajwa Travels

ന്യൂഡൽഹി: ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ഗുസ്‌തി താരങ്ങൾ നടത്തുന്ന സമരത്തെ പിന്തുണച്ചു ഒളിമ്പ്യൻ നീരജ് ചോപ്ര. നീതിക്ക് വേണ്ടി അത്‌ലറ്റുകൾക്ക്‌ തെരുവിൽ സമരം ചെയ്യേണ്ടി വരുന്നത് വേദനിപ്പിക്കുന്നത് ആണെന്ന് നീരജ് ചോപ്ര ട്വീറ്റ് ചെയ്‌തു.

രാജ്യത്തിനായി അത്യധ്വാനം ചെയ്‌തവരാണവർ. ഓരോ പൗരന്റേയും അഭിമാനത്തെ സംരക്ഷിക്കാൻ രാജ്യത്തിന് ഉത്തരവാദിത്തം ഉണ്ട്. സംഭവിക്കാൻ പാടില്ലാത്തതാണ് കാണുന്നത്. വൈകാരികമായ വിഷയമായതിനാൽ സുതാര്യമായും പക്ഷപാതിത്വം ഇല്ലാതെയും അധികൃതർ ഇടപെടണമെന്നും നീരജ് ചോപ്ര ട്വീറ്റ് ചെയ്‌തു.

അതിനിടെ, ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷന്റെ ലൈംഗികാതിക്രമത്തിന് എതിരെ നടപടി ആവശ്യപ്പെട്ട് സമരം ചെയ്യുന്ന കായിക താരങ്ങൾക്കെതിരെ ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ പിടി ഉഷ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തെരുവിൽ പ്രതിഷേധിക്കുകയല്ല വേണ്ടതെന്നും, താരങ്ങൾ ഒളിമ്പിക് അസോസിയേഷനെ സമീപിക്കണമായിരുന്നുവെന്നും പിടി ഉഷ വിമർശിച്ചു.

‘സമരം കടുത്ത അച്ചടക്ക ലംഘനമാണ്. രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിച്ചിരിക്കുന്നു. ഇത് തെറ്റായ കീഴ്‌വഴക്കം ഉണ്ടാക്കുമെന്നും’ വാർത്താ ഏജൻസിയോട് പിടി ഉഷ പറഞ്ഞു. എന്നാൽ, ഉഷയുടെ നിലപാട് ഞെട്ടിച്ചെന്ന് സമരം ചെയ്യുന്ന ഗുസ്‌തി താരം ബജ്രംഗ് പുനിയ പ്രതികരിച്ചു.

ഫെഡറേഷൻ അധ്യക്ഷനെതിരെ പ്രതിഷേധിക്കുന്ന താരങ്ങൾക്ക് കായിക രംഗത്ത് നിന്നടക്കം പിന്തുണയേറുമ്പോഴാണ് ഒളിമ്പിക് അസോസിയേഷൻ അധ്യക്ഷ ഇത്തരത്തിൽ പ്രതികരിച്ചത്. പിടി ഉഷയിൽ നിന്ന് ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്ന് ഒളിമ്പിക് സ്വർണ മെഡൽ ജേതാവ് സാക്ഷി മാലിക് പ്രതികരിച്ചു.

ആവർത്തിച്ച് പറഞ്ഞിട്ടും അറിയിച്ചിട്ടും പൊലീസിലേക്ക് കൈമാറാനോ നടപടി എടുക്കാനോ അസോസിയേഷൻ തയ്യാറായിട്ടില്ല. ലൈംഗികാതിക്രമം നേരിട്ടതിന്റെ പേരിൽ വനിതാ ഗുസ്‌തി താരങ്ങൾക്ക് പ്രതിഷേധിക്കാൻ അവകാശം ഇല്ലേയെന്നും സാക്ഷി മാലിക് ചോദിച്ചു.

പിടി ഉഷക്കെതിരെ ഡെൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാളും രംഗത്തെത്തി. ബാല്യകാല ഹീറോകളോടുള്ള ബഹുമാനം നഷ്‌ടപ്പെടുന്നത് ഇങ്ങനെയാണെന്ന് പറഞ്ഞായിരുന്നു സ്വാതി മാലിവാൾ പിടി ഉഷയെ വിമർശിച്ചത്. ട്വിറ്ററിലൂടെ ആയിരുന്നു പ്രതികരണം.

ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച് ഡെൽഹിയിലെ ജന്തർ മന്തറിൽ മുൻനിര ഗുസ്‌തി താരങ്ങൾ നടത്തുന്ന പ്രതിഷേധ സമരം ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. അതിനിടെ, ബ്രിജ് ഭൂഷണിനെതിരായ ലൈംഗികാതിക്രമ പരാതി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്‌റ്റിസ്‌ അടങ്ങിയ ബെഞ്ചാണ് പരാതി പരിഗണിക്കുക. പരാതിയിലുള്ള ആരോപണങ്ങൾ ഗൗരവതരമെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസ് എടുക്കും മുൻപ് വിശദമായ പരിശോധന നടത്തേണ്ടതുണ്ടെന്നാണ് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കഴിഞ്ഞ കോടതിയെ അറിയിച്ചത്.

Most Read: ബോളിവുഡ് നടി ജിയാ ഖാന്റെ ആത്‍മഹത്യ; കേസിൽ വിധി ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE