തിരുവനന്തപുരം: ആഭ്യന്തര കലഹം രൂക്ഷമായ ജനതാദൾ എസിൽ പിളർപ്പിന് വഴിയൊരുങ്ങുന്നു. എംഎൽഎ സികെ നാണു വിമത പക്ഷം നാളെ തിരുവനന്തപുരത്ത് സംസ്‌ഥാന കൗണ്‍സില്‍ വിളിച്ചു ചേര്‍ക്കും. മുന്‍ സെക്രട്ടറി ജനറല്‍ ജോര്‍ജ് തോമസിന്റെ നേതൃത്വത്തിലാണ് പുതിയ നീക്കങ്ങള്‍ ആരംഭിച്ചത്.
എച്ച്ഡി ദേവഗൗഡയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ രൂക്ഷമായി വിമര്‍ശിച്ച ജോര്‍ജ് എം തോമസ് യഥാര്‍ഥ ജനതാദള്‍ എസ് ഏതാണെന്ന് നാളെ വ്യക്‌തമാകുമെന്നും പറഞ്ഞു.
സി കെ നാണു അധ്യക്ഷനായ സംസ്‌ഥാന ഘടകത്തെ ദേശീയ നേതൃത്വം പിരിച്ചുവിട്ടതാണ് ജനതാദള്‍ എസിന്റെ പിളര്‍പ്പിലേക്ക് നയിച്ചിരിക്കുന്നത്. ജോര്‍ജ് തോമസിന്റെ നേതൃത്വത്തില്‍ നാളെ ചേരുന്ന സംസ്‌ഥാന കൗണ്‍സില്‍ പുതിയ ഭാരവാഹികളേയും കമ്മിറ്റിയേയും പ്രഖ്യാപിക്കും. എച്ച് ഡി ദേവഗൗഡയുമായുള്ള ബന്ധം അവസാനിപ്പിക്കാനാണ് വിമത പക്ഷത്തിന്റെ തീരുമാനം.
മാത്യു ടി തോമസിന്റെ നേതൃത്വത്തിലുള്ള ജനതാദള്‍ എസ് അഴിമതിയില്‍ മുങ്ങിയെന്ന് ജോര്‍ജ് തോമസ് ആരോപിച്ചു. പാര്‍ട്ടിക്കുള്ളില്‍ ജനാധിപത്യമില്ല. മാത്യു ടി തോമസ് വിഭാഗം തദ്ദേശ തിരഞ്ഞെടുപ്പില്‍ അര്‍ഹതപ്പെട്ട സീറ്റ് വാങ്ങിയെടുക്കുന്നതില്‍ പരാജയപ്പെട്ടതായും വിമതര്‍ കുറ്റപ്പെടുത്തി. വിമത പക്ഷത്തിന്റെ അമരക്കാരൻ ആണെങ്കിലും നാളെ നടക്കുന്ന യോഗത്തിൽ സികെ നാണു പങ്കെടുക്കില്ലെന്നാണ് സൂചനകൾ.
Read Also: വീട് മുടക്കുന്നവർക്കല്ല, കൊടുക്കുന്നവർക്കാണ് ജനം വോട്ട് ചെയ്‌തത്; എസി മൊയ്‌ദീൻ