തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പിനെ തുടർന്ന് ജാഗ്രത പാലിക്കാൻ നിർദ്ദേശിച്ച് റവന്യുമന്ത്രി കെ രാജന്‍. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും ജാഗ്രത വേണമെന്ന് മന്ത്രി പറഞ്ഞു.
തുലാവര്‍ഷ സീസണിലെ രണ്ടാമത്തേയും ഈ വര്‍ഷത്തെ അഞ്ചാമത്തെയും ചുഴലിക്കാറ്റായിരിക്കും ജവാദ്. സൗദി അറേബ്യയാണ് ‘ജവാദ്’ എന്ന പേര് നിർദ്ദേശിച്ചത്.
അതേസമയം മഴ പ്രവചനങ്ങള്‍ അനുസരിച്ച് മണ്ണിടിച്ചില്‍ സാധ്യത നിലനില്‍ക്കുന്നുണ്ടെന്ന് മന്ത്രി അറിയിച്ചു.
സംസ്‌ഥാനത്ത് നിലവില്‍ മഴ മുന്നറിയിപ്പുകള്‍ പിന്‍വലിച്ചെങ്കിലും വിവിധയിടങ്ങളില്‍ ഒറ്റപ്പെട്ട മഴയുണ്ടാകും. ശക്‌തമായ കാറ്റിനും കടല്‍ പ്രക്ഷുബ്‌ധമാകാനും സാധ്യതയുണ്ട്. കേരള, കര്‍ണാടക, ലക്ഷ്വദീപ് തീരങ്ങളില്‍ മൽസ്യബന്ധനത്തിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ശനിയാഴ്‌ച രാവിലെ വടക്കന്‍ ആന്ധ്രക്കും തെക്കന്‍ ഒഡീഷക്കും ഇടയില്‍ ജവാദ് ചുഴലിക്കാറ്റ് വീശുമെന്നാണ് കേന്ദ്ര കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ വടക്കന്‍ തീര ആന്ധ്രയില്‍ കനത്തതോ അതിശക്‌തമായതോ ആയ മഴ പ്രതീക്ഷിക്കുന്നുണ്ട്.
ചുഴലിക്കാറ്റ് തീരം കടക്കുന്ന സമയത്ത് മണിക്കൂറില്‍ 110 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. മൽസ്യത്തൊഴിലാളികള്‍ ഡിസംബര്‍ ആറ് വരെ കടലില്‍ പോകരുത്.
Most Read: മുന്നറിയിപ്പില്ലാതെ കൂടുതൽ ജലം പെരിയാറിലേക്ക് ഒഴുക്കിവിടുന്നത് ശരിയല്ല; തമിഴ്‌നാടിനോട് കേരളം