മലയാളത്തിന്റെ വിജയ നടൻ ജോജു ജോർജ് ഡബിൾ റോളിൽ എത്തുന്ന പുതിയ ചിത്രം ‘ഇരട്ട’യുടെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ഒരു സ്‌റ്റിൽ പുറത്തുവന്നിരുന്നു. ഇത് സമൂഹ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു.
‘നായാട്ട്’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം മാർട്ടിൻ പ്രക്കാർട്ടും ജോജുവും ഒരുമിക്കുന്ന ‘ഇരട്ട’ ഈ വർഷം തന്നെ തിയേറ്ററുകളിൽ എത്തും. മാർട്ടിൻ പ്രക്കാട്ട് നിർമിക്കുന്ന ചിത്രം നവാഗതനായ രോഹിത് എംജി കൃഷ്‌ണൻ ആണ് സംവിധാനം ചെയ്യുന്നത്. ഇതുവരെ ജോജു ചെയ്യാത്ത തരത്തിലുള്ള കഥാപാത്രമാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.
ഇരട്ട സഹോദരങ്ങളായ രണ്ടു പോലീസ് ഉദ്യോഗസ്‌ഥരുടെ കഥ പറയുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത് നവാഗതനായ രോഹിത് എംജി കൃഷ്‌ണൻ ആണ്. അപ്പു പാത്തു പാപ്പു പ്രൊഡക്ഷൻസും മാർട്ടിൻ പ്രക്കാട്ട് ഫിംലിംസും സിജോ വടക്കാനും ചേർന്നാണ് ഇരട്ടയുടെ നിർമാണം. അഞ്‌ജലി, സ്രിന്ധ, ആര്യാ സലിം, ശ്രീകാന്ത് മുരളി, സാബുമോൻ, അഭിരാം എന്നിവരാണ് ഇരട്ടയിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സമീർ തഹിറിന്റെയും, ഷൈജു ഖാദിലിന്റെയും ഗിരീഷ് ഗംഗാധരന്റെയും കൂടെ ഛായാഗ്രഹണ മേഖലയിൽ പ്രവർത്തിച്ച വിജയ് ആണ് ഇരട്ടയുടെ ഛായാഗ്രാഹണം നിർവഹിച്ചത്. ജേക്‌സ് ബിജോയാണ് സംഗീത സംവിധായകൻ. വരികൾ അൻവർ അലി. മനു ആന്റണി ആണ് ചിത്രത്തിന്റെ എഡിറ്റർ. ആർട്ട്: ദിലീപ് നാഥ്, വസ്‌ത്രാലങ്കാരം: സമീറ സനീഷ്, മേക്കപ്പ്: റോനെക്‌സ്, സംഘട്ടനം: കെ രാജശേഖർ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ.
ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററിൽ സ്വഭാവത്തിൽ വ്യത്യസ്‌തതകൾ ഉറപ്പായും ഉള്ള ഇരട്ടകളുടെ ഗെറ്റപ്പിലാണ് ജോജു ജോർജ് ഉള്ളത്. നായാട്ടിന് ശേഷം മാർട്ടിൻ പ്രക്കാട്ടും ജോജുവും ഒരുമിക്കുന്ന ഇരട്ട പ്രേക്ഷകർക്ക് തിയേറ്റർ ദൃശ്യാനുഭവം നൽകുമെന്ന് ഉറപ്പാണ്.
Most Read: കുടിച്ചു തിമർത്ത് കേരളം; പുതുവർഷത്തിൽ വിറ്റത് 92.73 കോടിയുടെ മദ്യം