കൊച്ചി: ചലച്ചിത്ര താരം ജോജു ജോർജിന്റെ വാഹനം അടിച്ച് തകർത്ത കേസിൽ കോൺഗ്രസ് പ്രവർത്തകൻ കസ്‌റ്റഡിയിൽ. എറണാകുളം വൈറ്റില സ്വദേശി പിജി ജോസഫിനെയാണ് കസ്‌റ്റഡിയിൽ എടുത്തത്. ആക്രമത്തിനിടെ ജോസഫിന്റെ കൈ മുറിഞ്ഞിരുന്നു. ഇയാളെ പോലീസ് ചോദ്യം ചെയ്യുകയാണ്.
കൊച്ചിയിലെ റോഡ് ഉപരോധവുമായി ബന്ധപ്പെട്ട് 15 പേർക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇന്ധന വില വർധനവിനെതിരെ വൈറ്റില- ഇടപ്പള്ളി ദേശീയപാത ഉപരോധിച്ചതിനാണ് കേസ്.
ഡിസിസി പ്രസിഡണ്ട് മുഹമ്മദ് ഷിയാസാണ് ഒന്നാംപ്രതി. വിജെ പൗലോസ്, കൊടിക്കുന്നിൽ സുരേഷ് എംപി എന്നിവർ രണ്ടും മൂന്നും പ്രതികളാണ്. വിപി സജീന്ദ്രൻ, ദീപ്‌തി മേരി വർഗീസ്, ടോണി ചമ്മണി, ഡൊമിനിക് പ്രസന്റേഷൻ എന്നിവരെയും പ്രതി ചേർത്തിട്ടുണ്ട്.
സംഘർഷ സ്‌ഥലത്തുണ്ടായിരുന്ന നേതാക്കളുടെയും പ്രവർത്തകരുടെയും പട്ടിക തയാറാക്കി അറസ്‍റ്റിനൊരുങ്ങുകയാണ് പോലീസ്. ഹൈവേ ഉപരോധിച്ചതിനും ജോജുവിന്റെ വാഹനം തകർത്തതിനും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയായിരിക്കും അറസ്‌റ്റ് രേഖപ്പെടുത്തുക.
സംഘർഷ ദൃശ്യങ്ങൾ ജോജുവിനെ കാണിച്ച് വീണ്ടും മൊഴി രേഖപ്പെടുത്തും. കൊച്ചി മുൻ മേയർ ടോണി ചമ്മണിയുടെ പേര് മാത്രമാണ് ജോജു ഇന്നലെ മൊഴി നൽകിയത്. ഇതിനിടെ ജോജുവിനെതിരായ പരാതിയിൽ തെളിവില്ലെന്ന് കമ്മീഷണര്‍ വ്യക്‌തമാക്കിയിരുന്നു.
Most Read: ദത്ത് വിവാദം; അഞ്ച് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു