തിരുവനന്തപുരം: കുഞ്ഞിനെ ദത്ത് നൽകിയതുമായി ബന്ധപ്പെട്ട കേസിൽ അനുപമയുടെ അമ്മയടക്കം അഞ്ച് പേർക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. തിരുവനന്തപരും ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്.
അറസ്‌റ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാൽ ഒരു ലക്ഷം രൂപയുടെ ജാമ്യത്തിൽ വിടണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.
കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്നും വ്യാജരേഖ ഉണ്ടാക്കിയെന്നുമുള്ള പരാതിയിൽ അന്വേഷണം തുടരുകയാണെന്നും മുൻകൂർ ജാമ്യം നൽകിയാൽ തെളിവുകൾ നശിപ്പിക്കപ്പെടാമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
എന്നാൽ കുഞ്ഞിനെ സുരക്ഷിതമായി വളർത്താനാണ് ഏൽപിച്ചതെന്നായിരുന്നു അനുപമയുടെ അമ്മയടക്കമുള്ളവരുടെ വാദം.
അതേസമയം കുഞ്ഞിനെ തട്ടിക്കൊണ്ട് പോയെന്ന പരാതിയാണ് അനുപമ നൽകിയിരുന്നതെങ്കിലും കുടുംബ കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ ഈ വാദം ഉന്നയിച്ചിരുന്നില്ല.
ഇതിനിടെ കുഞ്ഞിനെ വിട്ടുകിട്ടാൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അനുപമ സമർപ്പിച്ച ഹേബിയസ് കോർപസ് ഹരജി സ്വീകരിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്‌തമാക്കി. നിയമവിരുദ്ധമായി ആരെങ്കിലും കുട്ടിയെ കസ്‌റ്റഡിയിൽ വെച്ചിരിക്കുകയാണെന്ന് പറയാനാകില്ലെന്ന് കോടതി അറിയിച്ചു.
Most Read: മുല്ലപ്പെരിയാർ ജലനിരപ്പ് ഉയർത്തണം; തമിഴ്‌നാട്ടിൽ പ്രതിഷേധത്തിന് ഒരുങ്ങി എഐഎഡിഎംകെ