തിരുവനന്തപുരം : വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് വിജയിച്ചത് ആർഎസ്എസ് വോട്ട് കൊണ്ടാണെന്ന ആരോപണവുമായി കെ മുരളീധരൻ. വട്ടിയൂർക്കാവ് മണ്ഡലത്തിൽ മുൻ തിരഞ്ഞെടുപ്പുകളിൽ എല്ലാം 3ആം സ്‌ഥാനത്ത് നിന്നിരുന്നവർ എങ്ങനെയാണ് പെട്ടെന്ന് ഒന്നാം സ്‌ഥാനത്ത് എത്തിയതെന്നും അദ്ദേഹം ചോദിച്ചു. ആർഎസ്എസുമായുള്ള ഈ ഡീലാണ് ആർ ബാലശങ്കർ തുറന്നു പറഞ്ഞതെന്നും മുരളീധരൻ വ്യക്‌തമാക്കി.
ഒപ്പം തന്നെ ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ നേമത്ത് നടക്കുന്നത് വർഗീയതക്ക് എതിരെയുള്ള പോരാട്ടമാണെന്നും മുരളീധരൻ വ്യക്‌തമാക്കി. അക്രമരാഷ്‌ട്രീയത്തിന് എതിരെയാണ് താൻ വടകരയിൽ പോയതെന്നും, അക്രമ രാഷ്‌ട്രീയത്തേക്കാൾ വലിയ ആപത്താണ് വർഗീയത ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ നേമം മണ്ഡലത്തിലെ ബിജെപി അക്കൗണ്ട് മരവിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേമത്ത് വോട്ട് കുറഞ്ഞതിന് കാരണം യുഡിഎഫ് അല്ലെന്നും, പ്രായം ചെന്ന മനുഷ്യനോട് തോന്നിയ സ്‌നേഹമാണ് ഒ രാജഗോപാലിന്റെ വിജയത്തിന് കാരണമെന്നും മുരളീധരൻ വ്യക്‌തമാക്കി. കൂടാതെ താൻ എട്ടാം ക്‌ളാസിൽ പഠിക്കുന്ന കാലം മുതൽ ഒ രാജഗോപാൽ മൽസരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
Read also : വിദേശത്ത് നിന്നും ഡാർക്ക് നെറ്റ് വഴി ഓർഡർ ചെയ്‌ത് എൽഎസ്‌ഡി കച്ചവടം; 4 പേർ പിടിയിൽ