കണ്ണൂർ: ബോംബെറിഞ്ഞ് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പോലീസിൽ കീഴടങ്ങിയ പ്രതി മിഥുനെ ചോദ്യം ചെയ്യൽ തുടരുന്നു. കണ്ണൂർ എടക്കാട് പോലീസ് സ്‌റ്റേഷനിലാണ് ഇയാളുള്ളത്. ഇന്ന് രാവിലെയാണ് കീഴടങ്ങിയതെന്നാണ് റിപ്പോർട്. എന്നാൽ, ഇക്കാര്യം പോലീസ് ഇതുവരെ ഔദ്യോഗികമായി സ്‌ഥിരീകരിച്ചിട്ടില്ല.
സംഭവത്തിൽ പ്രതികളിൽ ഒരാളായ അക്ഷയ് കഴിഞ്ഞ ദിവസം അറസ്‌റ്റിലായിരുന്നു. എന്നാൽ, കേസിലെ പ്രധാന പ്രതിയെന്ന് കരുതുന്ന മിഥുൻ ഞായറാഴ്‌ച ഉച്ചയോടെ കണ്ണൂരിൽ നിന്ന് മുങ്ങി. കേരളം വിട്ടതായിരുന്നു ആദ്യം ലഭിച്ച വിവരം. തുടർന്ന് ഇയാളുടെ സുഹൃത്തുക്കളെയും ബന്ധുക്കളെയും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പ്രതി പോലീസിൽ കീഴടങ്ങിയത്.
ശനിയാഴ്‌ച രാത്രി പടക്കങ്ങൾ വാങ്ങാനും പിന്നീട് ഇത് ഉപയോഗിച്ച് ബോംബ് നിർമിക്കുന്നതിനും മിഥുൻ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. വിവാഹ ചടങ്ങിന് പോകുന്ന വാഹനങ്ങളിൽ ബോംബ് സൂക്ഷിച്ചതും മറ്റുള്ള യുവാക്കളെ തോട്ടടയിലെ വിവാഹത്തിന് കൊണ്ടുവന്നതും ബോംബെറിഞ്ഞതും ഇയാളാണെന്നും പോലീസിന് സംശയമുണ്ട്.
ഞായറാഴ്‌ചയാണ് തോട്ടടയിലുണ്ടായ ബോംബേറിൽ ഏച്ചൂർ സ്വദേശിയായ ജിഷ്‌ണു കൊല്ലപ്പെട്ടത്. വിവാഹപാർട്ടി വരന്റെ വീട്ടിലേക്ക് വരുന്നതിനിടെ പ്രതികൾ ആക്രമിക്കുകയായിരുന്നു. തലേദിവസം വിവാഹ സൽക്കാരത്തെ ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്നുള്ള വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് കണ്ടെത്തൽ. ആദ്യം ഒരു ബോംബ് എറിഞ്ഞ് പൊട്ടാത്തതിനാൽ അടുത്ത ബോംബ് എറിയുകയും ഇത് ജിഷ്‌ണുവിന്റെ ദേഹത്ത് വീണ് പൊട്ടുകയുമായിരുന്നു. തല ചിന്നിച്ചിതറിയ നിലയിലായിരുന്നു ജിഷ്‌ണുവിന്റെ മൃതദേഹം.
Most Read: പ്രായം 80, ഓർമശക്‌തി ഗംഭീരം; കശ്‌മീരി മുത്തശ്ശിയുടെ ഇംഗ്ളീഷിന് കയ്യടിച്ച് സോഷ്യൽ മീഡിയ