തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ നാലാം പ്രതി കിരൺ കുമാർ അറസ്‌റ്റിൽ. കേസിൽ പ്രതിയായതിനെ തുടർന്ന് ഒളിവിൽ പോയ ഇയാളെ പാലക്കാട് കൊലങ്കോടു നിന്നാണ് പിടികൂടിയത്.
ബാങ്കിലെ കമ്മീഷൻ ഏജന്റായിരുന്നു മാപ്രാണം സ്വദേശിയായ കിരൺ കുമാർ. ഇയാൾ ഉത്തരേന്ത്യയിൽ ഒളിവിൽ കഴിയുകയായിരുന്നു എന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസിൽ ആറ് പ്രധാന പ്രതികളാണുള്ളത്. ഇതിൽ അഞ്ചുപേരും നേരത്തെ പിടിയിലായിരുന്നു.
ബാങ്ക് ജീവനക്കാരനല്ലാത്ത തനിക്ക് തട്ടിപ്പിൽ യാതൊരു പങ്കുമില്ലെന്ന വാദം ഉന്നയിച്ച് കിരൺ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. കിരണിന്റെ അക്കൗണ്ടിലേക്ക് 46 വായ്‌പകളിൽ നിന്നായി 23 കോടി രൂപ എത്തിയെന്നാണ് കണ്ടെത്തൽ. ഇത് തെളിയിക്കുന്ന രേഖകളും അന്വേഷണ സംഘത്തിന് കിട്ടിയിട്ടുണ്ട്.
കരുവന്നൂർ ബാങ്കിനെ കൂടാതെ ബിനാമി പേരുകളിൽ കിരണ്‍ നിരവധി ബാങ്കുകളിൽ നിന്ന് പണം തട്ടിയെന്ന് ക്രൈം ബ്രാഞ്ച് അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഇരിങ്ങാലക്കുട കാനറ ബാങ്കിൽ നിന്ന് മാത്രം കിരൺ നാല് ലോണുകളിൽ നിന്നായി അഞ്ച് കോടി രൂപ വായ്‌പ എടുത്തതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
Most Read: ലഖിംപൂര്‍ ഖേരി; കേസ് അന്വേഷണത്തിന് വിരമിച്ച ജഡ്‌ജിയെ ചുമതലപ്പെടുത്തും