ന്യൂഡെൽഹി: കസ്‌തൂരി രംഗൻ റിപ്പോർട് സംബന്ധിച്ച അന്തിമ വിജ്‌ഞാപനം കേന്ദ്രം നാളെ പ്രസിദ്ധീകരിക്കുമെന്ന് സൂചന. ഹരിത ട്രിബ്യൂണലിന്റെ അനുമതിയോടെയാകും അന്തിമ വിജ്‌ഞാപനം പ്രസിദ്ധീകരിക്കുക. കരട് വിജ്‌ഞാപനത്തിന്റെ കാലാവധിയും നാളെ അവസാനിക്കാൻ ഇരിക്കെയാണ് അന്തിമ വിജ്‌ഞാപനം നാളെ പ്രസിദ്ധീകരിക്കുന്നത്. കോർ മേഖല, നോൺ കോർ മേഖല എന്നിങ്ങനെ പരിസ്‌ഥിതി ലോല മേഖലകളെ വിജ്‌ഞാപനത്തിൽ തരം തിരിക്കും.
കസ്‌തൂരി രംഗൻ റിപ്പോർട് സംബന്ധിച്ച് കേന്ദ്ര-സംസ്‌ഥാന തർക്കത്തിന് പരിഹാരമായിരുന്നു. നോൺ കോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്‌ഥാനങ്ങൾക്ക് നൽകാനാണ് കേന്ദ്രത്തിന്റെ തീരുമാനം. വ്യവസ്‌ഥകളോടെയാണ് നോൺ കോർ മേഖലയുടെ നിയന്ത്രണാധികാരം സംസ്‌ഥാനങ്ങൾക്ക് നൽകുക. സോണൽ മാസ്‌റ്റർ പ്ളാൻ തയ്യാറാക്കി സംസ്‌ഥാനങ്ങൾ നിയന്ത്രണങ്ങൾ നടപ്പാക്കണം എന്നാണ് വ്യവസ്‌ഥ.
സോണൽ മാസ്‌റ്റർ പ്ളാൻ തയ്യാറാക്കാൻ സംസ്‌ഥാനങ്ങൾ ഒരു സമിതിയെ നിയോഗിക്കണം. റെഡ് കാറ്റഗറി വ്യവസായങ്ങൾ ഒഴികെയുള്ള പ്രവർത്തനങ്ങൾ നോൺ കോർ മേഖലയിൽ നടത്താം. പരിസ്‌ഥിതി മേഖലയുടെ പൊതു മേൽനോട്ടം കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം തുടർന്നും നിർവഹിക്കും.
അന്തിമ വിജ്‌ഞാപനത്തിൽ ജനവാസമേഖലയെ പരിസ്‌ഥിതി ദുർബല മേഖലയുടെ പരിധിയിൽ നിന്ന് ഒഴിവാക്കുമെന്നും കേന്ദ്രം ഉറപ്പ് നൽകിയിട്ടുണ്ട്. പരിസ്‌ഥിതി ദുർബലമേഖലയിൽ നിർമാണ പ്രവർത്തനങ്ങൾക്ക് ഉൾപ്പെടെ പൂർണ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ വ്യവസ്‌ഥകൾ അന്തിമ വിജ്‌ഞാപനം പുറത്തുവന്നതിന് ശേഷമേ വ്യക്‌തമാവുകയുള്ളൂ.
Read Also: നടിയെ ആക്രമിച്ച കേസ്; സ്‌പെഷ്യൽ പ്രോസിക്യൂട്ടർ സ്‌ഥാനമൊഴിഞ്ഞു