കോഴിക്കോട്: അവകാശികൾ എത്താത്ത നിക്ഷേപങ്ങൾ സ്വന്തം മകളുടെ അക്കൗണ്ടിലേക്ക് മാറ്റി കേരള ബാങ്ക് ജീവനക്കാരി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്ന് സൂചന. കേരള ബാങ്ക് കോഴിക്കോട്ടെ മുഖ്യ ശാഖയിലാണ് സംഭവം. ബാങ്കിലെ സീനിയർ അക്കൗണ്ടന്റ് ആയിരുന്ന പിടി ഉഷാദേവിയാണ് ഇടപാടുകാരുടെ പണം മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയത്. അരക്കോടിയോളം രൂപ അക്കൗണ്ടിലേക്ക് മാറ്റിയതായാണ് പ്രാഥമിക നിഗമനം. തട്ടിപ്പ് പുറത്തായതോടെ ഇവരെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിട്ടുണ്ട്.
തട്ടിപ്പിന് കൂട്ടുനിന്നെന്ന് സംശയിക്കുന്ന അഞ്ചുപേരെ മറ്റ് ശാഖയിലേക്ക് മാറ്റിയിട്ടുണ്ട്. ക്‌ളെയിം ചെയ്യപ്പെടാതെ കിടന്നിരുന്ന സ്‌ഥിര നിക്ഷേപങ്ങളും ദീർഘകാലമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളിൽ നിന്നുള്ള പണവുമാണ് തട്ടിപ്പ് നടത്തിയത്. സഹകരണ ബാങ്കുകൾക്ക് നിക്ഷേപങ്ങളിൽ നൽകേണ്ടിയിരുന്ന പലിശയിനത്തിൽ 2.50 ലക്ഷം രൂപയും രണ്ട് തവണയായി മകളുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്. ഇതേ ബാങ്കിലെ മറ്റൊരു ജീവനക്കാരിയുടെ അക്കൗണ്ടിലേക്ക് 1.25 ലക്ഷം രൂപയും മാറ്റിയിട്ടുണ്ട്. ഇതോടെയാണ് മറ്റുപല ജീവനക്കാരും സംശയ നിഴലിലായത്.
ഉഷാദേവി മുമ്പ് ജോലി ചെയ്‌തിരുന്ന ശാഖകളിലും സമാന തട്ടിപ്പ് സംശയിക്കുന്നതിനാൽ തൊട്ടുമുമ്പ് ജോലി ചെയ്‌ത മാവൂർ റോഡ് ശാഖകളിലും ബാങ്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഏറെക്കാലമായി ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളിലെ പണമാണ് തട്ടിയെടുത്തത് എന്നതിനാൽ ഇത്തരത്തിലുള്ള മുഴുവൻ അക്കൗണ്ടുകളും പരിശോധിക്കാനാണ് ബാങ്കിന്റെ തീരുമാനം. അതേസമയം, ബാങ്കിന്റെ വിശ്വാസ്യതയെ ബാധിക്കുമെന്നതിനാൽ സംഭവം ഒത്തുതീർക്കാനുള്ള ശ്രമവും അണിയറയിൽ നടക്കുന്നതായാണ് വിവരം. വൻ സാമ്പത്തിക തട്ടിപ്പ് ഉണ്ടായിട്ടുപോലും ബാങ്ക് അധികൃതർ ഇതുവരെ പോലീസിൽ പരാതി നൽകിയിട്ടില്ല.
പരാതി നൽകേണ്ടത് എച്ച്‌ആർ വിഭാഗമാണെന്നും പരാതി നൽകിയോ എന്നറിയില്ലെന്നുമാണ് ബാങ്കിന്റെ സീനിയർ മാനേജർ ബൈജു പറയുന്നത്. അതിനിടെ ബാങ്ക് ഭരിക്കുന്ന സിപിഎം നേതൃത്വത്തിലുള്ള സർവീസ് സംഘടനയിലെ അംഗമാണ് തട്ടിപ്പ് നടത്തിയ ഉഷാദേവി എന്നതിനാലാണ് കടുത്ത നടപടികളിലേക്ക് കടക്കാത്തതെന്നും ആക്ഷേപമുണ്ട്. ബാങ്കിലെ ഓഡിറ്റിങ്ങിലാണ് തട്ടിപ്പ് പുറത്തായത്. സഹപ്രവർത്തകരുടെ കമ്പ്യൂട്ടർ ലോഗിനും പാസ്‌വേർഡും ഉപയോഗിച്ചാണ് ഇവർ തട്ടിപ്പ് നടത്തിയതെന്നാണ് സംശയിക്കുന്നത്. തുക പാസ്സാക്കേണ്ട ഉദ്യോഗസ്‌ഥർ സീറ്റിൽ ഇല്ലാത്ത സമയം ഉഷാദേവി ഇവരുടെ കമ്പ്യൂട്ടറിൽ നിന്ന് തുക പാസാക്കി എടുക്കുകയായിരുന്നുവെന്നാണ് മറ്റു ജീവനക്കാർ ബാങ്ക് അധികൃതർക്ക് നൽകിയ വിശദീകരണം.
Most Read: പിജി ഡോക്‌ടർമാരുമായി സർക്കാർ ഇന്ന് ചർച്ച നടത്തും