തിരുവനന്തപുരം: സാമൂഹിക സുരക്ഷാ പെൻഷൻ അനധികൃതമായി കൈപ്പറ്റിയ ഉദ്യോഗസ്‌ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഉദ്യോഗസ്‌ഥരിൽ നിന്ന് തുക പലിശ സഹിതം തിരിച്ചുപിടിക്കാനാണ് സംസ്‌ഥാന സർക്കാരിന്റെ തീരുമാനം.
സാധാരണക്കാർക്കുള്ള പെൻഷൻ തുകയാണ് വൻ തുക ശമ്പളം വാങ്ങുന്ന ഉദ്യോഗസ്‌ഥർ കൈപ്പറ്റിയതെന്ന് മന്ത്രി പറഞ്ഞു. തട്ടിപ്പ് നടത്തിയവരുടെ കണക്ക് ഇനിയും കൂടാമെന്നും മന്ത്രി അറിയിച്ചു. വിവിധ വകുപ്പുകളിലെ 1458 ഉദ്യോഗസ്‌ഥരാണ് അനധികൃതമായി പെൻഷൻ വാങ്ങിയത്. കോളേജ് അധ്യാപകരും മൂന്ന് ഹയർ സെക്കണ്ടറി അധ്യാപകരും ഇതിൽ ഉൾപ്പെടുന്നു.
ഏറ്റവും കൂടുതൽ ഉദ്യോഗസ്‌ഥർ ക്ഷേമപെൻഷൻ വാങ്ങുന്നത് ആരോഗ്യവകുപ്പിലാണ്. 373 പേർ. പൊതുവിദ്യാഭ്യാസ വകുപ്പിൽ 224 പേരും മെഡിക്കൽ എജ്യുക്കേഷൻ വകുപ്പിൽ 124 പേരും ആയുർവേദ വകുപ്പിൽ 114 പേരും മൃഗസംരക്ഷണ വകുപ്പിൽ 74 പേരും ക്ഷേമ പെൻഷൻ വാങ്ങുന്നുണ്ട്. വിധവ- വികലാംഗ പെൻഷനുകളാണ് ഉദ്യോഗസ്‌ഥർ തട്ടിയെടുത്തത്.
പെൻഷൻ പട്ടിക കൈകാര്യം ചെയ്യുന്ന സേവന സോഫ്റ്റ്‌വെയറിലെയും സർക്കാർ ജീവനക്കാരുടെ ശമ്പള വിതരണ സോഫ്റ്റ്‌വെയറായ സ്‌പാർക്കിലെയും വിവരങ്ങൾ താരതമ്യം ചെയ്‌തപ്പോഴാണ് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ധനവകുപ്പിന്റെ നിർദ്ദേശമനുസരിച്ചു ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.
തദ്ദേശ സ്‌ഥാപനങ്ങളാണ് പെൻഷന് അർഹരായവരെ കണ്ടെത്തുന്നത് എന്നതിനാൽ അനർഹരെ ഒഴിവാക്കുന്നതിൽ സ്‌ഥാപനങ്ങൾക്ക് വീഴ്‌ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ. ഇത്തരത്തിൽ പെൻഷന് അർഹരാണെന്ന് സാക്ഷ്യപ്പെടുത്തിയ തദ്ദേശ സ്‌ഥാപനങ്ങളിലെ ഉദ്യോഗസ്‌ഥർക്കെതിരെയും നടപടി ഉണ്ടാകും. അതേസമയം, പെൻഷൻ കൈപ്പറ്റിയ ഉദ്യോഗസ്‌ഥരുടെ പേരുവിവരങ്ങൾ പുറത്തുവിടില്ലെന്നും പട്ടികയിൽ കയറിപ്പറ്റിയ അനർഹരെ കണ്ടെത്താൻ അന്വേഷണ സംഘത്തെ നിയോഗിച്ചുവെന്നും ധനകാര്യ വകുപ്പ് പ്രതികരിച്ചു.
Most Read| സ്വയം വളരും, രൂപം മാറും; ജീവനുള്ള കല്ലുകൾ ഭൂമിയിൽ!