കോവിഡ്; നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിൽസയ്‌ക്ക്‌ മാര്‍ഗരേഖയായി

By News Desk, Malabar News

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 നവജാത ശിശുക്കളേയും കുട്ടികളേയും ബാധിച്ചാല്‍ മുന്നൊരുക്കങ്ങൾക്കായി സര്‍ജ് പ്ളാനും ചികിൽസാ മാര്‍ഗരേഖയും തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. കുട്ടികളില്‍ ഉണ്ടാകുന്ന കോവിഡും കോവിഡാനന്തര പ്രശ്‌നങ്ങള്‍ക്കുമുള്ള ചികിൽസാ മാര്‍ഗരേഖയാണ് പുറത്തിറക്കിയത്.

കോവിഡിന്റെ ഒന്നാം തരംഗത്തില്‍ കോവിഡ് കുട്ടികളെ വലുതായി ബാധിച്ചില്ല. രണ്ടാം തരംഗത്തിലാകട്ടെ 10 ശതമാനത്തിന് താഴെ മാത്രമാണ് കുട്ടികളെ ബാധിച്ചത്. മൂന്നാം തരംഗത്തിലും കുട്ടികളെ വലുതായി ബാധിക്കാന്‍ സാധ്യത കുറവാണ്. എങ്കിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കുട്ടികളെ കൂടുതലായി കോവിഡ് ബാധിക്കാന്‍ സാധ്യതയുണ്ടെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്.

കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ കഴിയാത്തത് ഈ ആശങ്കയ്‌ക്ക്‌ ഒരു കാരണമാണ്. സംസ്‌ഥാനത്തെ സംബന്ധിച്ച് സ്‌കൂള്‍ തുറക്കുന്ന സാഹചര്യമുണ്ടായാൽ കുട്ടികളില്‍ രോഗം വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഈ പശ്‌ചാത്തലത്തിലാണ് നവജാത ശിശുക്കളുടേയും കുട്ടികളുടേയും ചികിൽസയ്‌ക്കായി സര്‍ജ് പ്ളാനും ചികിൽസാ മാര്‍ഗരേഖയും തയ്യാറാക്കിയതെന്ന് മന്ത്രി വ്യക്‌തമാക്കി.

നേരിയ (മൈല്‍ഡ്), മിതമായ (മോഡറേറ്റ്), ഗുരുതര (സിവിയര്‍) രോഗം എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തിരിച്ചാണ് കുട്ടികള്‍ക്കുള്ള ചികിൽസ സജ്‌ജമാക്കുന്നത്. കോവിഡ് ബാധിച്ചാല്‍ ബഹുഭൂരിപക്ഷം കുട്ടികള്‍ക്കും നേരിയ രോഗം വരാനാണ് സാധ്യത. നേരിയ രോഗലക്ഷണമുള്ള കുട്ടികളെ വീട്ടില്‍ തന്നെ ചികിൽസിക്കുന്നതാണ്. കൂടുതല്‍ രോഗലക്ഷണമുള്ള കുട്ടികളെ രോഗത്തിന്റെ തീവ്രതയനുസരിച്ച് താലൂക്ക്, ജില്ലാ, ജനറല്‍, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിൽസിക്കുന്നതാണ്.

ലഘുവായ രോഗലക്ഷണമുള്ളവരെ പോലും ശിശുരോഗ വിദഗ്‌ധനുള്ള ആശുപത്രിയിലാണ് ചികിൽസിക്കേണ്ടത്. മിതമായ രോഗലക്ഷണമുള്ളവരെ ജില്ലാ, ജനറല്‍ ആശുപത്രികളിലേക്കാണ് മാറ്റുന്നത്. ഗുരുതര രോഗലക്ഷണമുള്ളവരെ ടെറിഷ്യറി കെയര്‍ ആശുപത്രി, മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ ചികിൽസിക്കുന്നതാണ്.

അപൂര്‍വം ചില കുട്ടികളില്‍ കാണുന്ന കോവിഡാനന്തര പ്രശ്‌നങ്ങള്‍ ചികിൽസിക്കുന്നതിന് ആവശ്യമായ സൗകര്യവും ചികിൽസാ മാര്‍ഗരേഖയും ഇതോടൊപ്പം ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ചികിൽസയ്‌ക്ക്‌ ശേഷം ഈ കുട്ടികളുടെ തുടര്‍ ചികിൽസയ്‌ക്ക്‌ ആവശ്യമായ മാര്‍ഗ നിര്‍ദ്ദേശങ്ങളും നല്‍കിയിട്ടുണ്ട്.

അതേസമയം ഗര്‍ഭസ്‌ഥ ശിശുവിന് അമ്മയില്‍ നിന്നും രോഗം പകരുമെന്നതിന് തെളിവില്ല. മുലപ്പാലില്‍ നിന്ന് രോഗം പകരുന്നതിനും തെളിവില്ല. അമ്മയില്‍ നിന്നും വായുവിലൂടെ മാത്രമേ കുട്ടിക്ക് രോഗം പകരാന്‍ സാധ്യതയുള്ളൂ. അതിനാല്‍ മുലപ്പാല്‍ ഊട്ടുന്ന സമയത്ത് അമ്മ എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. കൈകള്‍ സോപ്പുയോഗിച്ച് ഫലപ്രദമായി കഴുകിയതിന് ശേഷം മാത്രമേ മുലപ്പാല്‍ ഊട്ടാന്‍ പാടുള്ളൂ തുടങ്ങിയ നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് നൽകുന്നു.

Also Read: കെപിസിസി അധ്യക്ഷൻ; പ്രഖ്യാപനം ഉടനില്ലെന്ന് ഹൈക്കമാൻഡ്

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE