തിരുവനന്തപുരം : സംസ്‌ഥാനത്ത് വോട്ടെണ്ണൽ ദിനത്തിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹരജികൾ തള്ളി ഹൈക്കോടതി. വോട്ടെണ്ണൽ ദിനത്തിൽ സർക്കാരും, തിരഞ്ഞെടുപ്പ് കമ്മീഷനും സംസ്‌ഥാനത്ത് ഏർപ്പെടുത്തിയ നടപടികൾ പര്യാപ്‌തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ഹരജികൾ തള്ളിയത്.
കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ വോട്ടെണ്ണലിനോട് അനുബന്ധിച്ചുള്ള വിജയാഹ്ളാദ പ്രകടനങ്ങളടക്കം തടയണമെന്നും ലോക്ക്ഡൗൺ പ്രഖ്യാപിക്കണം എന്നുമാണ് ഹരജികളിൽ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ വോട്ടെണ്ണൽ ദിനത്തിൽ സ്വീകരിക്കേണ്ട നടപടികൾ സർക്കാരും തിരഞ്ഞെടുപ്പ് കമ്മീഷനും വിശദീകരിച്ചതോടെ ഹരജികൾ ഹൈക്കോടതി തള്ളുകയായിരുന്നു.
വോട്ടെണ്ണൽ ദിവസം സംസ്‌ഥാനത്ത് വിജയാഹ്ളാദ പ്രകടനങ്ങൾ ഒഴിവാക്കുമെന്നും, വോട്ടെണ്ണൽ കേന്ദ്രത്തിൽ കൗണ്ടിങ് ഏജന്റുമാർ, മാദ്ധ്യമ പ്രവർത്തകർ, ബന്ധപ്പെട്ട ഉദ്യോഗസ്‌ഥർ എന്നിവർക്ക് മാത്രമേ പ്രവേശനം അനുവദിക്കൂ എന്നതടക്കം സർവകക്ഷി യോഗത്തിൽ എടുത്ത തീരുമാനങ്ങളാണ് സർക്കാർ വ്യക്‌തമാക്കിയത്. ഒപ്പം തന്നെ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ട് മാത്രമേ വോട്ടെണ്ണൽ നടപടികൾ പൂർത്തിയാക്കുകയുള്ളൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും കോടതിയെ അറിയിച്ചു.
Read also : കോവിഡ് നിയന്ത്രണം; തൊഴിൽ മേഖലയിൽ വീണ്ടും പ്രതിസന്ധി