തിരുവനന്തപുരം: കേരള പോലീസിന് എതിരെ വിമർശനം ഉന്നയിച്ച സിപിഐ ദേശീയ ജനറൽ സെക്രട്ടറി ഡി രാജയെ തള്ളി സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ദേശീയ എക്‌സിക്യൂട്ടീവിന്റെ അഭിപ്രായം അല്ല രാജ പറഞ്ഞത്. ഉത്തർപ്രദേശും കേരളവും വ്യത്യസ്‌തമാണ്. അത് രാജക്ക് അറിയാത്തത് കൊണ്ടാണ്. സംസ്‌ഥാന വിഷയങ്ങളിൽ അഭിപ്രായം പറയേണ്ടത് സംസ്‌ഥാന പാർടിയാണെന്നും കാനം പറഞ്ഞു.
നേരത്തെ സിപിഐ സംസ്‌ഥാന എക്‌സിക്യൂട്ടീവിലും ഡി രാജക്ക് എതിരെ വിമർശനം ഉയർന്നിരുന്നു. പോലീസിനെതിരെ ആനി രാജ ഉയര്‍ത്തിയ വിമര്‍ശനത്തെ ന്യായീകരിച്ചതിലാണ് വിമർശനം. ആനി രാജയുടെ പ്രസ്‌താവന തെറ്റാണെന്ന് ദേശീയ എക്‌സിക്യൂട്ടീവ് വിലയിരുത്തിയിരുന്നു. എന്നിട്ടും ആനി രാജയെ ന്യായീകരിച്ചതിനെ തുടർന്നാണ് എക്‌സിക്യൂട്ടീവിൽ വിമർശനം ഉയർന്നത്.
യുപിയിലായാലും കേരളത്തിലായാലും പോലീസിന്റെ വീഴ്‌ചകൾ വിമര്‍ശിക്കപ്പെടും എന്നായിരുന്നു ആനി രാജയുടെ ഭർത്താവ് കൂടിയായ ഡി രാജ പറഞ്ഞത്. സംസ്‌ഥാന പോലീസിൽ ആര്‍എസ്എസ് ഗ്രൂപ്പെന്ന ആനി രാജയുടെ പരസ്യവിമര്‍ശനം സിപിഐ സംസ്‌ഥാന ഘടകത്തെ പ്രതിരോധത്തിൽ ആക്കിയിരുന്നു.
സ്‌ത്രീപീഡന കേസുകളിലെ പോലീസിന്റെ അന്വേഷണ വീഴ്‌ചക്കെതിരെ തുടരുന്ന ആരോപണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആനി രാജയുടെ കടുത്ത വിമര്‍ശനം. മുഖ്യമന്ത്രി ഈ വിഷയത്തെ ഗൗരവകരമായി എടുക്കണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു.
എന്നാൽ, ആനി രാജ പറഞ്ഞതിനോട് യോജിക്കുന്നില്ല എന്നായിരുന്നു സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട്. എന്നാൽ ഇതിനെ തള്ളുന്നതാണ് ദേശീയ സെക്രട്ടറിയുടെ പ്രസ്‌താവന.
പാർടി ദേശീയ നേതൃത്വത്തിലെ വലിയൊരു വിഭാഗവും, സംസ്‌ഥാന ഘടകത്തിലെ ചില നേതാക്കളും ആനിരാജ പറഞ്ഞതിൽ തെറ്റില്ലെന്ന അഭിപ്രായക്കാരാണ്. സിപിഎമ്മിനോട് അമിത വിധേയത്വം വേണ്ടെന്ന നിലപാടാണ് ഇവർക്കുള്ളത്.
Most Read: ‘ഇന്ത്യന്‍ നീതിന്യായ വകുപ്പില്‍ സ്‍ത്രീ പ്രാതിനിധ്യം വര്‍ധിപ്പിക്കണം’; രാഷ്‌ട്രപതി