വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലെ ദുരിതബാധിതർക്ക് മറ്റൊരു വാസസ്‌ഥലത്തേക്ക് മാറുന്നതിന് ധനസഹായം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. ജീവനോപാധി നഷ്‌ടപ്പെട്ട കുടുംബത്തിലെ പ്രായപൂർത്തിയായ ഒരു വ്യക്‌തിക്ക് 300 രൂപ വീതം ദിവസവും നൽകും. ഒരു കുടുംബത്തിലെ രണ്ടുപേർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
കിടപ്പുരോഗികളോ ആശുപത്രിയിൽ ദീർഘകാലമായി ചികിൽസയിൽ കഴിയുന്ന രോഗികളോ ഉള്ള കുടുംബങ്ങൾക്ക് ഈ ആനുകൂല്യം കുടുംബത്തിലെ മൂന്നുപേർക്ക് എന്ന നിലയിൽ നൽകും. 30 ദിവസത്തേക്കാണ് ഈ തുക നൽകുക. ഇപ്പോൾ ക്യാമ്പിൽ കഴിയുന്ന ഓരോ കുടുംബത്തിനും അടിയന്തിര ധനസഹായമായി 10,000 രൂപവീതം അനുവദിക്കും.
മുണ്ടക്കൈ, ചൂരൽമല പ്രദേശത്തെ ദുരന്തത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിയുന്നവർക്ക് മറ്റൊരു വാസ സ്‌ഥലത്തേക്ക് തിരിച്ചു പോകുമ്പോൾ സർക്കാർ ഉടമസ്‌ഥതയിലോ മാറാൻ കഴിയും വിധമുള്ള താമസ സൗകര്യം ഒരുക്കാനാകുമോ എന്നതിൽ കളക്‌ടറുടെ റിപ്പോർട് തേടിയിട്ടുണ്ട്. ഈ റിപ്പോർട് ലഭിക്കുന്ന മുറയ്‌ക്ക് വാടക നിശ്‌ചയിച്ച് അനുവദിക്കും.
അതിനിടെ, വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പേരിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. നടനും അഭിഭാഷകനുമായ കാസർഗോഡ് സ്വദേശി സി ഷുക്കൂറിന്റെ ഹരജിയാണ് കോടതി പിഴ ഉത്തരവിറക്കി തള്ളിയത്. മാത്രമാണ്, ഹരജിക്കാരൻ കാൽലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അടക്കണമെന്നും കോടതി നിർദ്ദേശിച്ചു.
ഹരജിയിൽ പൊതുതാൽപര്യ എന്തെന്നും കോടതി ചോദിച്ചു. ഹരജി പബ്ളിസിറ്റി സ്‌റ്റണ്ടാണെന്നും കോടതി വിമർശിച്ചു. വയനാട് ദുരന്തത്തിന്റെ പേരിൽ നടത്തുന്ന പണപ്പിരിവും മറ്റും പൂർണമായി സർക്കാരിന്റെ മേൽനോട്ടത്തിൽ വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹരജി. ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ വിവിധ സംഘടനകൾ പണം പിരിക്കുന്നുണ്ടെന്നും അതിൽ സുതാര്യത വരുത്താനാണ് സർക്കാർ മേൽനോട്ടം വേണ്ടതെന്നുമായിരുന്നു വാദം.
Most Read| ഡോ. വന്ദന ദാസ് കൊലപാതകം; പ്രതിയുടെ വിടുതൽ ഹരജി സുപ്രീം കോടതി തള്ളി