പുനലൂർ: യുക്രൈനിലിരുന്ന് ജീവൻകുമാർ പുനലൂരിലെ സബ് രജിസ്‌ട്രാർ ഓഫിസിൽ ഹാജരായ ധന്യയെ ജീവിതസഖിയാക്കി. സംസ്‌ഥാനത്ത് ഡിജിറ്റൽ സംവിധാനത്തിലൂടെയുള്ള ആദ്യവിവാഹമാണ് പുനലൂരിൽ നടന്നത്. സബ് രജിസ്‌ട്രാർ ടിഎം ഫിറോസിന്റെ മേൽനോട്ടത്തിലായിരുന്നു ചടങ്ങുകൾ. മിനിറ്റുകൾക്കുള്ളിൽ തന്നെ വിവാഹ സർട്ടിഫിക്കറ്റ് വധുവിന് കൈമാറി.
പുനലൂർ ഇളമ്പൽ സ്വദേശിയാണ് ജീവൻ കുമാർ. യുക്രൈനിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് കോവിഡ് വ്യാപനം കാരണം നാട്ടിലെത്താൻ കഴിയുമായിരുന്നില്ല. തുടർന്ന് സ്‌പെഷ്യൽ മാര്യേജ് ആക്‌ട് പ്രകാരം വിവാഹം രജിസ്‌റ്റർ ചെയ്യുന്നതിന് മാർച്ചിൽ ഇവർ അപേക്ഷ നൽകി. എന്നാൽ, നിശ്‌ചിത കാലാവധിക്കുള്ളിൽ ജീവൻകുമാറിന് നാട്ടിലെത്താൻ കഴിഞ്ഞില്ല. അപേക്ഷയുടെ കാലാവധി നീട്ടിക്കിട്ടണമെന്നും സബ് രജിസ്‌ട്രാർ ഓഫിസിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കി വീഡിയോ കോൺഫറൻസിലൂടെ വിവാഹം നടത്തിക്കൊടുക്കണമെന്നും ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചു.
സർക്കാരിന്റെയും വിദേശകാര്യ മന്ത്രാലയത്തിന്റെയും ഐടി വകുപ്പിന്റെയും അഭിപ്രായം തേടി. തുടർന്ന് അനുകൂല വിധിയുണ്ടാവുകയും ഓൺലൈനിലൂടെയുള്ള ആദ്യവിവാഹത്തിന് പുനലൂർ സബ് രജിസ്‌ട്രാർ ഓഫിസ് വേദിയാവുകയുമായിരുന്നു.
ജീവൻകുമാറിന് പകരം അച്ഛൻ ദേവരാജനാണ് രജിസ്‌റ്ററിൽ ഒപ്പുവെച്ചത്. വിവാഹ ഓഫിസറായി ഫിറോസ് ഗൂഗിൾ മീറ്റിലൂടെ യുക്രൈനിലുള്ള വരനെ കണ്ടു. ജില്ലാ രജിസ്‌ട്രാർ സിജെ ജോൺസൺ ഗൂഗിൾ മീറ്റിൽ തന്നെ കല്യാണം നിരീക്ഷിച്ചു.
Also Read: അനുപമയുടെ കുഞ്ഞിനെ കൈമാറിയത് ആന്ധ്രാ സ്വദേശികൾക്ക്; നിയമങ്ങളെല്ലാം അട്ടിമറിച്ചു