കൊച്ചി: അന്തരിച്ച പ്രശസ്‌ത സംവിധായകൻ കെജി ജോർജിന്റെ സംസ്‌കാരം ഇന്ന് നടക്കും. വൈകിട്ട് നാല് മണിക്ക് കൊച്ചി രവിപുരത്തെ ശ്‌മശാനത്തിലാണ് സംസ്‌കാരം നടക്കുക. കെജി ജോർജിന്റെ ആഗ്രഹപ്രകാരം മൃതദേഹം ദഹിപ്പിക്കും. അതേസമയം, രാവിലെ 11 മണിമുതൽ മൂന്ന് വരെ എറണാകുളം ടൗൺഹാളിൽ പൊതുദർശനം ഉണ്ടാകും. ആറുമണിക്ക് വൈഎംസിഎ ഹാളിൽ അനുശോചന യോഗവും സംഘടിപ്പിക്കും.
ഗോവയിലായിരുന്ന കെജി ജോർജിന്റെ ഭാര്യയും മകനും ദോഹയിൽ നിന്ന് മകളും കഴിഞ്ഞ ദിവസം ഉച്ചയോടെ നാട്ടിലെത്തിയിരുന്നു. കൊച്ചി കാക്കനാട്ടെ വയോജന കേന്ദ്രത്തിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന് ചികിൽസയിൽ ആയിരുന്നു. രണ്ടു പതിറ്റാണ്ടിലേറെ നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ മലയാള സിനിമക്ക് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച, കാലത്തിന് മുൻപേ സഞ്ചരിച്ച സിനിമകളുമായി എന്നും പ്രേക്ഷകരെ വിസ്‌മയിപ്പിച്ച പ്രതിഭയാണ് കെജി ജോർജ്.
1973ൽ റിലീസായ നെല്ലിന്റെ തിരക്കഥാകൃത്തായിട്ടാണ് അദ്ദേഹം സിനിമയിലേക്ക് എത്തുന്നത്. പഞ്ചവടിപ്പാലം, ഇരകൾ, യവനിക, ആദാമിന്റെ വാരിയെല്ല്, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് തടുങ്ങിയ ചിത്രങ്ങൾ ഇതിന് ഉദാഹരണമാണ്. 1998ൽ പുറത്തിറങ്ങിയ ഇളവങ്കോട് ദേശമാണ് സംവിധാനം ചെയ്‌ത അവസാന ചിത്രം.
സ്വപ്‌നാടനത്തിലൂടെ കെജി ജോർജ് സംവിധായക ലോകത്തേക്ക് അരങ്ങേറി. ഉൾക്കടൽ, കോലങ്ങൾ, മേള, ഇരകൾ, യവനിക, ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക്, ആദാമിന്റെ വാരിയെല്ല്, കഥയ്‌ക്ക് പിന്നിൽ, മറ്റൊരാൾ, പഞ്ചവടിപ്പാലം, ഈ കണ്ണി കൂടി എന്നിങ്ങനെ 40 വർഷത്തിനിടെ ഇരുപതോളം ചിത്രങ്ങൾ മാത്രമേ കെജി ജോർജ് സംവിധാനം ചെയ്‌തിട്ടുള്ളൂ. എന്നാൽ, മലയാള സിനിമയുടെ ചരിത്രത്തിൽ വിപ്ളവകരമായ പല മാറ്റങ്ങൾക്കും സിനിമകളിലൂടെ അദ്ദേഹം തുടക്കമിട്ടു.
Most Read| തമിഴ്‌നാട്ടിൽ ബിജെപിക്ക് തിരിച്ചടി; സഖ്യം അവസാനിപ്പിച്ച് എഐഎഡിഎംകെ