തമിഴ്‌നാട്ടിൽ ബിജെപിക്ക് തിരിച്ചടി; സഖ്യം അവസാനിപ്പിച്ച് എഐഎഡിഎംകെ

മുൻ തമിഴ്‌നാട് മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയെ കുറിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ അണ്ണാമലൈ നടത്തിയ വിവാദ പരാമർശങ്ങൾ സഖ്യത്തിനുള്ളിൽ വൻ പൊട്ടിത്തെറിക്ക് കാരണമായിരുന്നു.

By Trainee Reporter, Malabar News
AIADMK-BJP Alliance

ചെന്നൈ: തമിഴ്‌നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു. ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ചെന്നൈയിൽ ചേർന്ന പാർട്ടി നേതൃയോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം ഉണ്ടായത്. സഖ്യം അവസാനിപ്പിച്ചതായി യോഗം ഏകകണ്‌ഠമായി പ്രമേയം പാസാക്കിയെന്ന് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി കെപി മുനുസ്വാമി മാദ്ധ്യമങ്ങളെ അറിയിച്ചു.

പ്രവർത്തകരുടെ വികാരം മാനിച്ചാണ് തീരുമാനമെന്നും, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുതിയ മുന്നണി രൂപീകരിച്ചു മൽസരിക്കുമെന്നും കെപി മുനുസ്വാമി പറഞ്ഞു. ദേശീയ തലത്തിലും എൻഡിഎയുമായി സഹകരണമുണ്ടാവില്ലെന്നാണ് പ്രഖ്യാപനം. അതേസമയം, സഖ്യം അവസാനിപ്പിച്ചെന്ന ഔദ്യോഗിക പ്രഖ്യാപനത്തെ പടക്കം പൊട്ടിച്ചാണ് അണികൾ വരവേറ്റത്.

ജനറൽ സെക്രട്ടറി എടപ്പാടി പളനിസ്വാമിയുടെ അധ്യക്ഷതയിൽ സംസ്‌ഥാന-ജില്ലാ നേതാക്കളെ ഉൾപ്പെടുത്തി നടത്തിയ യോഗത്തിലാണ് തീരുമാനം. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയെ കുറിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ അണ്ണാമലൈയുടെ പരാമർശത്തെ തുടർന്നാണ് കടുത്ത തീരുമാനത്തിലേക്ക് പാർട്ടി എത്തിച്ചേർന്നത്. ബിജെപി നേതൃത്വത്തെ രൂക്ഷമായ ഭാഷയിലാണ് മുനുസ്വാമി വിമർശിച്ചത്.

ബിജെപിയുടെ സംസ്‌ഥാന നേതൃത്വം കഴിഞ്ഞ ഒരു വർഷമായി തങ്ങളുടെ മുൻ നേതാക്കളെയും മുൻ മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയെയും കുറിച്ച് അനാവശ്യമായി പരാമർശങ്ങൾ നടത്തുകയാണെന്ന് മുനുസ്വാമി പറഞ്ഞു. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി സിഎൻ അണ്ണാദുരൈയെ കുറിച്ച് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ അണ്ണാമലൈ നടത്തിയ വിവാദ പരാമർശങ്ങൾ സഖ്യത്തിനുള്ളിൽ വൻ പൊട്ടിത്തെറിക്ക് കാരണമായിരുന്നു.

സനാതന ധർമ വിവാദത്തിനിടെ ആയിരുന്നു അണ്ണാമലൈയുടെ വിവാദ പരാമർശം. 1956ൽ മധുരയിൽ പൊതുസമ്മേളനത്തിൽ ഹിന്ദു വിശ്വാസത്തിനെതിരെ അണ്ണാദുരൈ സംസാരിച്ചുവെന്നും സ്വാതന്ത്ര്യ സമര സേനാനി പശുപൊൻ മുത്തുമാരലിംഗ തേവർ അതിനെ എതിർത്തിരുന്നുവെന്നുമായിരുന്നു അണ്ണാമലൈ പറഞ്ഞത്. ഇതിനെതിരെ എഐഎഡിഎംകെ നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാൽ, പരാമർശത്തിൽ ഖേദം പ്രകടിപ്പിക്കാൻ അണ്ണാമലൈ തയ്യാറായിരുന്നില്ല.

അന്തരിച്ച മുൻ മുഖ്യമന്ത്രി ജയലളിതയെ കുറിച്ചും പാർട്ടിയുടെ പ്രധാന നേതാവ് സി ഷൺമുഖത്തിനെതിരെയുമെല്ലാം ബിജെപി അധ്യക്ഷൻ രംഗത്തെത്തിയിരുന്നു. ഇതോടെ സഖ്യം തുടരണമെങ്കിൽ അണ്ണാമലൈയെ മാറ്റുകയോ അദ്ദേഹത്തിന്റെ രാജി നേതൃത്വം ആവശ്യപ്പെടുകയോ ചെയ്യണമെന്നായിരുന്നു എഐഎഡിഎംകെ ആവശ്യപ്പെട്ടത്.

എന്നാൽ, ഈ ആവശ്യം ബിജെപി ദേശീയ നേതൃത്വം അംഗീകരിച്ചില്ല. തമിഴ്‌നാട്ടിൽ ബിജെപിയുടെ വളർച്ചയ്‌ക്ക് നിർണായക പങ്കുവഹിച്ച നേതാവാണ്  അണ്ണാമലൈ എന്നിരിക്കെ അത്തരത്തിലുള്ളൊരു നടപടിയും സ്വീകരിക്കാൻ  കഴിയില്ലെന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. ഇതോടെയാണ് സഖ്യം അവസാനിപ്പിക്കാൻ എഐഎഡിഎംകെ തീരുമാനിച്ചത്.

Most Read| 500 വര്‍ഷം പഴക്കമുള്ള 15 കാരിയുടെ മൃതദേഹം: ആന്തരികാവയവങ്ങൾ നശിച്ചിട്ടില്ല!

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE