കോവിഡ്; ലോകത്തെ മികച്ച ചിന്തകരുടെ പട്ടികയില്‍ കെകെ ശൈലജ ഒന്നാമത്; രാജ്യാന്തര അംഗീകാരം

By Staff Reporter, Malabar News
kerala image_malabar news
KK Shailaja
Ajwa Travels

തിരുവനന്തപുരം: കേരളത്തിന്റെ അഭിമാനം വാനോളം ഉയര്‍ത്തി, കോവിഡ് കാലത്ത് ലോകത്തെ ഏറ്റവും അധികം സ്വാധീനിച്ച വ്യക്തിയായി തിരഞ്ഞെടുക്കപ്പെട്ട് ആരോഗ്യമന്ത്രി കെകെ ശൈലജ. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ലോകത്തിന് തന്നെ മാതൃകയായ പ്രവര്‍ത്തനം കാഴ്ചവെച്ചതിനാണ് മന്ത്രിക്ക് രാജ്യാന്തര അംഗീകാരം ലഭിച്ചത്. ലോകത്തിലെ ഏറ്റവും മികച്ച ചിന്തകരെ കണ്ടെത്താനായി ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രോസ്‌പെക്ട്‌ മാഗസിന്‍ നടത്തിയ സര്‍വേയില്‍ ആണ് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

കോവിഡ്-19 കാലത്ത് ലോകത്തെ മാറ്റിമറിച്ച മികച്ച 50 പേരില്‍ നിന്നാണ് കെകെ ശൈലജയെ ഒന്നാമതായി തെരഞ്ഞെടുത്തത്. കോവിഡ് പ്രതിരോധത്തിനായി കേരളം സ്വീകരിച്ച മാര്‍ഗങ്ങളും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമെല്ലാം ഇതിനോടകം തന്നെ ലോകശ്രദ്ധ നേടിയിരുന്നു. ന്യൂസിലാന്റ് പ്രധാനമന്ത്രി ജസിന്ത ആന്‍ഡേഴ്‌സണെ പിന്തള്ളിയാണ് മന്ത്രി കെകെ ശൈലജ പട്ടികയില്‍ ഒന്നാമതായത്.

മാഗസിന്‍ പ്രസിദ്ധീകരിച്ച അമ്പതംഗങ്ങള്‍ ഉള്‍പ്പെടുന്ന പട്ടികയില്‍ വോട്ടിന്റെ അടിസ്ഥാനത്തിലാണ് കെ.കെ. ശൈലജ ടീച്ചര്‍ ഒന്നാം സ്ഥാനത്തെത്തിയത്. ഇരുപതിനായിരം പേര്‍ വോട്ടെടുപ്പില്‍ പങ്കെടുത്തു. കോവിഡ് പോലെ തന്നെ നിപ കാലത്തും മന്ത്രി കാഴ്ചവെച്ച മികച്ച പ്രവര്‍ത്തനങ്ങളെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. വൈറസ് ബാധ ആദ്യമായി ചൈനയില്‍ സ്ഥിരീകരിച്ചത് മുതല്‍ സംസ്ഥാനത്ത് മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കിയതും വൈറസ് വ്യാപനം തടയാന്‍ പ്രതിരോധ സംവിധാനം സജ്ജമാക്കിയതും ഉള്‍പ്പെടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

യൂറോപ്പില്‍ താമസിക്കുന്ന ആഫ്രിക്കക്കാരുടെ ജീവിതം വരച്ചു കാട്ടിയ അടിമത്വത്തിന്റെ ചരിത്രകാരിയെന്നറിയപ്പെടുന്ന ഒലിവറ്റേ ഒറ്റേല്‍, ബംഗ്ലാദേശില്‍ പ്രളയത്തെ നേരിടാനുള്ള വീടുകള്‍ നിര്‍മ്മിച്ച മറിനാ തപസ്വം, ലോകത്ത് എല്ലാവര്‍ക്കും മിനിമം വരുമാനം ഉറപ്പാക്കുന്ന യുബിഐ മൂവ്‌മെന്റിന്റെ ഉപജ്ഞാതാവായ ഫിലിപ്പ് വാന്‍ പര്‍ജിസ് തുടങ്ങിയവര്‍ പട്ടികയിലെ ആദ്യപത്തില്‍ ഇടം നേടി.

കോവിഡ്, നിപ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇതിന് മുന്‍പും കേരളത്തിലെ ആരോഗ്യമേഖലയും ആരോഗ്യമന്ത്രിയും ആഗോള പ്രശംസ നേടിയിരുന്നു. മാത്രവുമല്ല കോവിഡിനെ പ്രതിരോധിക്കാന്‍ ‘കേരള മോഡല്‍’ രാജ്യത്ത് തന്നെ പല സംസ്ഥാനങ്ങളും മാതൃകയാക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ മന്ത്രിയെ തേടി എത്തിയിരിക്കുന്ന രാജ്യാന്തര അംഗീകാരം സംസ്ഥാനത്തിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരും.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE