മോര്‍ഗന്‍ അടിച്ചൊതുക്കി, കമ്മിന്‍സ് എറിഞ്ഞിട്ടു; കൊല്‍ക്കത്ത കൊടുങ്കാറ്റില്‍ രാജസ്‌ഥാൻ വീണു

By Sports Desk , Malabar News

ദുബൈ: കൃത്യ സമയത്ത് ഫോമില്‍ എത്തിയ ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗന്റെ വെടിക്കെട്ടും ആദ്യ 5 പന്തില്‍ 19 റണ്‍സ് വഴങ്ങിയ ശേഷം പാറ്റ് കമ്മിന്‍സ് നടത്തിയ വിക്കറ്റ് വേട്ടയും രാജസ്‌ഥാന്‍ റോയല്‍സിന് എതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 60 റണ്‍സിന്റെ തകര്‍പ്പന്‍ വിജയം സമ്മാനിച്ചു. ആദ്യം ബാറ്റ് ചെയ്‌ത കൊല്‍ക്കത്ത 20 ഓവറില്‍ 7 വിക്കറ്റിന് 191 റണ്‍സാണ് എടുത്തത്. രാജസ്‌ഥാന്റെ മറുപടി 20 ഓവറില്‍ 9 വിക്കറ്റിന് 131 റണ്‍സില്‍ അവസാനിച്ചു. മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍ 35 പന്തില്‍ പുറത്താകാതെ 68 റണ്‍സ് എടുത്തു. കമ്മിന്‍സ് 4 വിക്കറ്റ് വീഴ്‌ത്തി. തോല്‍വിയോടെ രാജസ്‌ഥാന്‍ ഐപിഎല്ലില്‍ നിന്ന് പുറത്തായി.

ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത രാജസ്‌ഥാന്‍ കാഴ്‌ച വച്ചത് കഴിഞ്ഞ കളിയുടെ ആവര്‍ത്തനമായിരുന്നു. ആദ്യ ഓവറിലെ രണ്ടാം പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ കൊല്‍ക്കത്തയുടെ ആദ്യ വിക്കറ്റ് വീഴ്‌ത്തി. ആര്‍ച്ചറുടെ ഗുഡ് ലെംഗ്ത് ബോളില്‍ ബാറ്റ് വച്ച നിതീഷ് റാണ (0) കീപ്പര്‍ സഞ്‌ജു സാംസണിന്റെ കൈകളില്‍ അവസാനിച്ചു. രാഹുല്‍ ത്രിപാതിയും ശുബ്മാന്‍ ഗിലും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 72 റണ്‍സ് കൂട്ടിച്ചേര്‍ത്ത് മികച്ച രീതിയില്‍ മുന്നേറുമ്പോള്‍ വിക്കറ്റ് വീഴ്‌ച ആരംഭിച്ചു. 24 പന്തില്‍ 6 ബൗണ്ടറി ഉള്‍പ്പെടെ 36 റണ്‍സ് നേടിയ ഗില്‍ ആണ് ആദ്യം വീണത്. രാഹുല്‍ തെവാട്ടിയയുടെ പന്തില്‍ ജോസ് ബട്‌ലര്‍ പിടിച്ചാണ് ഗില്‍ പുറത്തായത്. പിന്നാലെ എത്തിയ വെടിക്കെട്ട് ബാറ്റ്‌സ്‌മാന്‍ സുനില്‍ നരെയ്‌നെയും (0) ദിനേശ് കാര്‍ത്തികിനേയും (0) വന്നതു പോലെ തിരിച്ചയച്ച് തെവട്ടായി കൊല്‍ക്കത്തക്ക് ഇരട്ട പ്രഹരം ഏല്‍പിച്ചു. നരെയ്ന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ കൈയില്‍ ഒതുങ്ങിയപ്പോള്‍ സ്‌റ്റിവ് സ്‌മിത്ത് പിടിച്ചാണ് ദിനേശ് കാര്‍ത്തിക് പുറത്തായത്.

ഇതിനിടെ 34 പന്തില്‍ 2 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 39 റണ്‍സ് നേടിയ രാഹുല്‍ ത്രിപാതി പുറത്തായി. ശ്രേയസ് ഗോപാലിന്റെ പന്തില്‍ റോബിന്‍ ഉത്തപ്പയാണ് ക്യാച്ച് എടുത്തത്. ആറാം വിക്കറ്റില്‍  മോര്‍ഗനും ആന്‍ഡ്രെ റസലും ഒത്തു ചേര്‍ന്നതോടെ കളിയുടെ ഗതി മാറി. രാജസ്‌ഥാന്‍ ബൗളര്‍മാരെ തലങ്ങും വിലങ്ങും പായിക്കുക ആയിരുന്നു ഇരുവരും. ത്യാഗിയെ തുടര്‍ച്ചയായി മൂന്നാം സിക്‌സര്‍ പറത്താനുള്ള ശ്രമത്തില്‍ റസല്‍ അതിര്‍ത്തിയില്‍ ഡേവിഡ് മില്ലറുടെ കൈകളില്‍ അവസാനിച്ചു. 11 പന്തില്‍ നിന്ന് 3 സിക്‌സും 1 ഫോറും അടക്കം 25 റണ്‍സ് ആയിരുന്നു വെസ്‌റ്റിന്‍ഡീസ് താരത്തിന്റെ സമ്പാദ്യം. ഇതിനിടെ മോര്‍ഗന്‍ 30 പന്തില്‍ നിന്ന് 4 സിക്‌സും 4 ഫോറും ഉള്‍പ്പെടെ അര്‍ധ ശതകം തികച്ചു. രാജസ്‌ഥാന് വേണ്ടി തെവാട്ടിയ മൂന്നും കാര്‍ത്തിക് ത്യാഗി രണ്ടും വിക്കറ്റ് വീഴ്‌ത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ രാജസ്‌ഥാന് സ്‌ഫോടനാത്‌മക തുടക്കമാണ് ലഭിച്ചത്. പാറ്റ് കമ്മിന്‍സ് എറിഞ്ഞ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ തന്നെ സിക്‌സര്‍ അടിച്ചാണ് റോബിന്‍ ഉത്തപ്പ തുടങ്ങിയത്. എന്നാല്‍ 5 പന്തില്‍ 19 റണ്‍സ് വഴങ്ങിയെങ്കിലും അവസാന പന്തില്‍ റോബിന്‍ ഉത്തപ്പയെ പുറത്താക്കി കമ്മിന്‍സ് തിരിച്ചടിച്ചു. ബൗണ്ടറിയില്‍ കമലേഷ് നാഗര്‍കോട്ടി ആണ് ക്യാച്ച് എടുത്തത്. അതൊരു തുടക്കം മാത്രമായിരുന്നു എന്ന് കമ്മിന്‍സിന്റെ അടുത്ത ഓവറുകള്‍ തെളിയിച്ചു. കമ്മിന്‍സിന്റെ രണ്ടാം ഓവറില്‍ ബെന്‍ സ്‌റ്റോക്‌സ് പുറത്തായതോടെ രാജസ്‌ഥാന്‍ ഞെട്ടി. 11 പന്തില്‍ 18 റണ്‍സ് എടുത്ത സ്‌റ്റോക്‌സിനെ വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ ദിനേശ് കാര്‍ത്തിക്കാണ് മടക്കി അയച്ചത്. അതേ ഓവറില്‍ ക്യാപ്റ്റന്‍ സ്‌റ്റിവ് സ്‌മിത്ത് (4) പ്ളെയ്ഡ് ഓണ്‍ ആയി പുറത്തായതോടെ രാജസ്‌ഥാന്‍ ബാറ്റിംഗ് തകര്‍ച്ചയിലേക്ക് കൂപ്പു കുത്തി.

സഞ്‌ജു സാംസണായിരുന്നു അടുത്ത ഇര. 1 റണ്‍സ് മാത്രം എടുത്ത സഞ്‌ജു ശിവം മാവിന്റെ പന്തില്‍ ദിനേശ് കാര്‍ത്തികിന് രണ്ടാമത്തെ ക്യാച്ച് നല്‍കി മടങ്ങി. കമ്മിന്‍സിന്റെ മൂന്നാം ഓവറില്‍ ദിനേശ് കാര്‍ത്തിക്കിന് മൂന്നാം ക്യാച്ച് സമ്മാനിച്ച് പരാഗും (0) മടങ്ങി. ആദ്യ ഓവറിലെ 19 റണ്‍സില്‍ നിന്ന് 5 ആം ഓവര്‍ അവസാനിച്ചപ്പോള്‍ രാജസ്‌ഥാന്‍ 38-5 എന്ന നിലയിലേക്ക് തകര്‍ന്നടിഞ്ഞു. ഇതിനിടെ അവസാന അംഗീകൃത ബാറ്റ്‌സ്‌മാന്‍ ആയ ജോസ് ബട്‌ലര്‍ (35) വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ കമ്മിന്‍സ് പിടിച്ച് പുറത്തായി. ടീം സ്‌കോര്‍ 100 കടത്തിയ തെവാട്ടിയ 15ആം ഓവറില്‍ വരുണ്‍ ചക്രവര്‍ത്തിക്ക് മുമ്പില്‍ വീണതോടെ രാജസ്‌ഥാന്റെ അവസാന പ്രതീക്ഷയും ഇല്ലാതായി. കൊല്‍ക്കത്തക്കായി വരുണ്‍ ചക്രവര്‍ത്തി, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.

Read also : റൊണാള്‍ഡോ ഇന്ന് കളത്തിലിറങ്ങും; യുവന്റസിന്റെ എതിരാളി സ്‌പെസിയ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE