ന്യൂഡെല്‍ഹി: അടുത്ത വര്‍ഷം നടത്താന്‍ നിശ്ചയിച്ച ടി-20 ലോകകപ്പിന് മാറ്റമൊന്നും ഉണ്ടാവില്ലെന്ന് ബിസിസിഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലി. ടൂര്‍ണമെന്റ് നേരത്തെ തീരുമാനിച്ചത് പോലെ ഇന്ത്യയില്‍ തന്നെ നടക്കുമെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് പ്രതിസന്ധി വിട്ടൊഴിഞ്ഞില്ലെങ്കിലും ടൂര്‍ണമെന്റില്‍ മാറ്റമുണ്ടാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
അടുത്ത വര്‍ഷം ഒക്ടോബർ-നവംബര്‍ മാസങ്ങളിലായാണ് ലോകകപ്പ് നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ കോവിഡ് വ്യാപനം കണക്കിലെടുത്ത് വേദി മാറ്റിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.
ഈ വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കേണ്ടിയിരുന്ന ടി-20 ലോകകപ്പ് 2022ലേക്ക് മാറ്റിവച്ചതും സംശയങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ലോകകപ്പിന് വേദിയാവാന്‍ ഇന്ത്യ സജ്ജമാണെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയും സെക്രട്ടറി ജയ് ഷായും വ്യക്തമാക്കി.
കാണികളെ പ്രവേശിപ്പിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷയാണ് ഐസിസി പങ്കുവെച്ചത്. 2016ല്‍ നടന്ന ടി-20 ലോകകപ്പാണ് ഇന്ത്യയില്‍ അവസാനമായി നടന്ന ഐസിസി ടൂര്‍ണമെന്റ്.
നേരത്തെ ഈ വര്‍ഷം ഐപിഎല്‍ നടത്താന്‍ കഴിയില്ലെന്ന് പല കോണുകളില്‍ നിന്നും അഭിപ്രായങ്ങള്‍ ഉയര്‍ന്നിരുന്നു. പിന്നീട് ഇന്ത്യയില്‍ നിന്നും വേദി മാറ്റി യുഎഇയില്‍ വെച്ച് ടൂര്‍ണമെന്റ് വിജയകരമായി നടത്താന്‍ ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ബിസിസിഐ സംഘത്തിന് കഴിഞ്ഞിരുന്നു.
Read Also: ഓസ്ട്രേലിയന്‍ പര്യടനം; ഇന്ത്യന്‍ ക്രിക്കറ്റ് ടീം യാത്ര തിരിച്ചു