പാലക്കാട്: കൊച്ചി-ബെംഗളൂരു ഇടനാഴിയുടെ വികസനവുമായി ബന്ധപ്പെട്ട് പാലക്കാട് ജില്ലയില്‍ സ്‌ഥലമേറ്റടുക്കലിന് 448 കോടി രൂപ കൈമാറി കിഫ്ബി. കഴിഞ്ഞ വര്‍ഷം ജൂണ്‍ 30ന് നടന്ന കിഫ്ബി ബോര്‍ഡ് യോഗത്തില്‍ എടുത്ത തീരുമാനത്തിന്റെ അടിസ്‌ഥാനത്തിലാണ് തുക കൈമാറിയത്. കിന്‍ഫ്ര നല്‍കിയ കണ്‍സെപ്റ്റ് പേപ്പറിന്റെയും മറ്റു ഗവണ്‍മെന്റ് ഉത്തരവുകളുടെയും അടിസ്‌ഥാനത്തിലാണ് കിഫ്ബി ബോര്‍ഡ് തീരുമാനമെടുത്തത്.
പാലക്കാട് ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി മൊത്തം 1351 ഏക്കര്‍ സ്‌ഥലമാണ് ഏറ്റെടുക്കുന്നത്. ഇതില്‍ പാലക്കാട് ജില്ലയിലെ പുതുശേരി സെന്‍ട്രല്‍ വില്ലേജില്‍ വരുന്ന അറുന്നൂറ് ഏക്കര്‍ ഏറ്റെടുക്കാനുള്ള തുകയാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. പുതുശേരി സെന്‍ട്രല്‍, പുതുശേരി ഈസ്‌റ്റ്, ചിറ്റൂര്‍ താലൂക്കിലെ ഒഴലപ്പതി എന്നിവിടങ്ങളിലായി 1351 ഏക്കര്‍ ഏറ്റെടുക്കാന്‍ ആകെ 1038 കോടി രൂപയാണ് കിഫ്ബി വായ്‌പയായി അനുവദിച്ചിട്ടുള്ളത്.
കിന്‍ഫ്ര നല്‍കിയ പദ്ധതി അനുസരിച്ച് ഒൻപത് മെഗാ ഇന്‍ഡസ്ട്രിയല്‍ ക്ളസ്‌റ്ററുകളാണ് ഈ വ്യവസായ ഇടനാഴിയില്‍ വികസിപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. ഭക്ഷ്യ വ്യവസായം, ലഘു എഞ്ചിനീയറിംഗ് വ്യവസായം, രത്‌നാഭരണ വ്യവസായം, പ്ളാസ്‌റ്റിക്, ഇ-വേസ്‌റ്റ്, മറ്റു ഖരമാലിന്യ റീസൈക്ളിങ്, എണ്ണപ്രകൃതിവാതക വ്യവസായം, ഇലക്‌ട്രോണിക്‌സ്, ഐടി, ലോജിസ്‌റ്റിക്‌സ്, ഓട്ടോമോട്ടീവ് എന്നിവയാണ് ഈ ഒൻപത് ക്ളസ്‌റ്ററുകള്‍.
Read Also: പശുവിന്റെ പാല്‍ സൂര്യ രശ്‌മികള്‍ക്ക് ശക്‌തി പകരുന്നു; അലഹബാദ് ഹൈക്കോടതി ജഡ്ജി