തൃശൂർ: കൊടകര കുഴൽപ്പണ കേസിലെ പ്രതി കർണാടകയിലെന്ന് വിവരം. കേസിലെ 15ആം പ്രതിയായ കണ്ണൂർ സ്വദേശി ഷിഗിൽ ബംഗളൂരുവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രതിയെ പിടികൂടാൻ അന്വേഷണ സംഘം കർണാടക പോലീസിന്റെ സഹായം തേടിയിട്ടുണ്ട്.
മൂന്ന് യുവാക്കൾക്കൊപ്പം കാറിലാണ് ഷിഗിൽ ചുറ്റിക്കറങ്ങുന്നതെന്നും ആശ്രമങ്ങൾ കേന്ദ്രീകരിച്ചാണ് താമസമെന്നും പോലീസ് പറയുന്നു. കവർച്ച ചെയ്‌ത പണത്തിലെ 10 ലക്ഷം രൂപയാണ് ഷിഗിലിന്റെ പക്കലുള്ളത്.
അതേസമയം, കൊടകര കുഴൽപ്പണ കേസിന്റെ അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഡെൽഹിയിലെ ഇഡി ഓഫിസിൽ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്‌ടർ റാങ്കിലുള്ള ഐആർസി ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് കേസിന്റെ ചുമതല. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമായിരിക്കും കേസെടുക്കുക. കേസിൽ പ്രാഥമിക അന്വേഷണവും തുടരന്വേഷണവും നടത്തും.
ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന കൊടകര കുഴൽപ്പണ കേസ് ഇഡി അന്വേഷിക്കാത്തതിൽ ആരോപണങ്ങൾ ഉയർന്നിരുന്നു. കേസ് ഇഡിയുടെ അന്വേഷണ പരിധിയിൽ വരുന്നതല്ലെന്നും പോലീസ് അന്വേഷണം തുടരട്ടെയെന്നുമുള്ള നിലപാടിലായിരുന്നു ഇഡി ഇതുവരെ. ഇതിന് പിന്നാലെ കേസിൽ ഇഡി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു.
Most Read: വാക്‌സിൻ ഇടവേള 28 ദിവസമാക്കി; പ്രവാസികൾക്കും ഇതര വിദേശ യാത്രികർക്കും മാത്രം ബാധകം