പ്രധാനകണ്ണി സ്‌ത്രീയെന്ന് സൂചന, രേഖാചിത്രം പുറത്ത്; അന്വേഷണ ചുമതല ഡിഐജി നിശാന്തിനിക്ക്‌

അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ടു സ്‌ത്രീകൾ ഉണ്ടായിരുന്നുവെന്നാണ് പോലീസ് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് ഉണ്ടായിരുന്ന സ്‌ത്രീയല്ല ഇന്നലെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതെന്നാണ് സൂചന.

By Trainee Reporter, Malabar News
kollam child missing case
Ajwa Travels

കൊല്ലം: ഓയൂരിൽ നിന്ന് ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ഡിഐജി നിശാന്തിനിക്കാണ് അന്വേഷണ ചുമതല. കൊല്ലത്തെയും തിരുവനന്തപുരത്തെയും പോലീസ് ഉദ്യോഗസ്‌ഥരെ ഉൾപ്പെടുത്തിയാണ് അന്വേഷണ സംഘത്തെ വിപുലീകരിച്ചത്. അതേസമയം, അബിഗേലിനെ തട്ടിക്കൊണ്ടുപോയ സംഘത്തിൽ രണ്ടു സ്‌ത്രീകൾ ഉണ്ടായിരുന്നുവെന്നാണ് പോലീസ് സംശയം.

കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് ഉണ്ടായിരുന്ന സ്‌ത്രീയല്ല ഇന്നലെ കുട്ടിയെ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചതെന്നാണ് സൂചന. കേസിൽ ഒരു സ്‌ത്രീയുടെ രേഖാചിത്രം കൂടി പുറത്തുവിട്ടിട്ടുണ്ട്. കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ പ്രധാന കണ്ണി ഒരു സ്‌ത്രീയാണെന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. വ്യക്‌തിപരമായ വിരോധമാണ് സംഭവത്തിന് പിന്നിലെന്ന സൂചനയും പോലീസിന് ലഭിച്ചിട്ടുണ്ട്.

അതേസമയം, തട്ടികൊണ്ടുപോയ സമയത്ത് മയക്കുന്നതിനായി കുട്ടിക്ക് മരുന്ന് നൽകിയെന്നും സംശയമുണ്ട്. ഇതേത്തുടർന്ന് കുട്ടിയുടെ മൂത്രവും രക്‌ത സാമ്പിളുകളും പരിശോധനക്കയച്ചു. അബിഗേൽ ഇപ്പോഴും സാധാരണ നിലയിലേക്ക് വരാത്തത് പോലീസിനെ കുഴക്കുന്നുണ്ട്. അന്വേഷണ സംഘത്തിന് മുന്നിൽ ചില കാര്യങ്ങൾ വെളിപ്പെടുത്തിയെങ്കിലും ഇടയ്‌ക്ക് ഭയമാകുന്നുവെന്ന് കുട്ടി പറയുന്നുണ്ട്. ഈ സാഹചര്യത്തിൽ കുട്ടിയോട് കാര്യമായി വിവരങ്ങൾ ചോദിച്ചറിയാൻ അന്വേഷണ സംഘത്തിനായിട്ടില്ല.

സംശയിക്കുന്ന പ്രതികളുടെ പട്ടികയിലുള്ള 30 സ്‌ത്രീകളുടെ ചിത്രങ്ങൾ പോലീസ് കാണിച്ചെങ്കിലും കുട്ടി ഇതിൽ ആരെയും തിരിച്ചറിഞ്ഞിട്ടില്ല. ഇതിന് പിന്നാലെയാണ് പ്രതിയെന്ന് സംശയിക്കുന്ന യുവതിയുടെ രേഖാചിത്രം പുറത്തുവിട്ടത്. അതേസമയം, അബിഗേൽ സാറാ റെജി ഗവ. വിക്‌ടോറിയ ആശുപത്രിയിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. കുഞ്ഞിന്റെ ആരോഗ്യനില തൃപ്‌തികരമാണ്. എങ്കിലും തട്ടിക്കൊണ്ടുപോകലിന്റെ ആഘാതത്തിൽ നിന്ന് കുഞ്ഞ് പൂർണമായും മുക്‌തമായിട്ടില്ല. ആരോഗ്യസ്‌ഥിതി വിലയിരുത്തിയ ശേഷം ഇന്ന് ഡിസ്‌ചാർജ് ചെയ്യാനാണ് സാധ്യത.

Most Read| തൊഴിലാളികൾ ഇന്നും നിരീക്ഷണത്തിൽ തുടരും; ഒരുലക്ഷം രൂപ ധനസഹായം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE