കൊല്ലം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് കൊല്ലം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന സി കാറ്റഗറി നിയന്ത്രണങ്ങൾ പിൻവലിച്ചു. ജില്ലയിൽ നിലവിലെ രോഗവ്യാപന തോത് കണക്കാക്കി ബി കാറ്റഗറി നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലാ കളക്‌ടർ അഫ്‌സാന പർവീൺ ആണ് ഇക്കാര്യം വ്യക്‌തമാക്കിയത്. ഇതോടെ ഇനിമുതൽ ജില്ലയിൽ സിനിമ തിയേറ്ററുകൾ, ജിമ്മുകൾ എന്നിവ പ്രവർത്തിപ്പിക്കാൻ സാധിക്കും. എന്നാൽ വിവാഹ-മരണാന്തര ചടങ്ങുകൾക്ക് പരമാവധി 20 പേർക്ക് പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
സി കാറ്റഗറി നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്ന ജില്ലയെ മെഡിക്കൽ ഓഫിസറുടെ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ബി കാറ്റഗറിയിൽ ഉൾപ്പെടുത്തിയത്. ജില്ലയിൽ കഴിഞ്ഞ ദിവസം റിപ്പോർട് ചെയ്‌ത കോവിഡ് ബാധിതരുടെ എണ്ണം 3,633 ആയി കുറഞ്ഞിരുന്നു.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, വയനാട്, കണ്ണൂർ എന്നീ ജില്ലകളാണ് നിലവിൽ ബി കാറ്റഗറിയിൽ ഉൾപ്പെടുന്നത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകൾ എ കാറ്റഗറിയിലും ഉൾപ്പെടുന്നുണ്ട്. കാസർഗോഡ് നിലവിൽ ഒരു കാറ്റഗറിയിലും ഉൾപ്പെടുന്നില്ല. കൂടാതെ സംസ്‌ഥാനത്ത് നിലവിൽ കർശന നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ ഒരു ജില്ലയും ഉൾപ്പെട്ടിട്ടില്ല.
Read also: ഗാന്ധി പ്രതിമ തകർത്ത നിലയിൽ; അന്വേഷണം ആരംഭിച്ച് പോലീസ്