കോട്ടയം: യുവാവിനെ കൊലപ്പെടുത്തി പോലീസ് സ്‌റ്റേഷന് മുന്നിൽ കൊണ്ടിട്ട സംഭവം സംസ്‌ഥാനത്തിനും പോലീസ് സേനക്കും അപമാനമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗുണ്ടകളെ നിലക്ക് നിര്‍ത്താനാകുന്നില്ല. പൂര്‍ണ ഉത്തരവാദിത്തം ആഭ്യന്തര വകുപ്പിനാണ്. സിപിഎം ഇത്തരം ഗുണ്ടകളെ സംരക്ഷിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
ഇത്തരം സംഭവങ്ങളിൽ പോലീസ് നടപടിയെടുത്താല്‍ അതിനെ പിറകോട്ടടിപ്പിക്കാന്‍ സിപിഎം നേതൃത്വം ഇടപെടുന്നു. ക്രിമിനലുകളെ രാഷ്‌ട്രീയമായി സിപിഎം ഉപയോഗിക്കുന്നു. അതു കൊണ്ട് പാര്‍ട്ടിക്ക് ഗുണ്ടകളെ സംരക്ഷിക്കേണ്ടി വരുന്നു. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.
19കാരനായ വിമലഗിരി സ്വദേശി ഷാൻ ബാബുവാണ് കൊല്ലപ്പെട്ടത്. കോട്ടയം ഈസ്‌റ്റ് പോലീസ് സ്‌റ്റേഷന് മുന്നിൽ പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. കോട്ടയം സ്വദേശിയായ കെടി ജോമോന്‍ ആണ് കൊലപാതകം നടത്തിയത്. ഇയാളെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
കൊലയ്‌ക്ക് പിന്നില്‍ ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള പകയെന്ന റിപ്പോര്‍ട് ആണ് പുറത്തുവരുന്നത്. കാപ്പ ചുമത്തി കോട്ടയം ജില്ലയില്‍ നിന്നും പുറത്താക്കിയ വ്യക്‌തിയാണ് കൊല നടത്തിയ ജോമോന്‍ കെ ജോസ്. നിരവധി കേസുകളില്‍ പ്രതിയാണ് ഇയാള്‍.
പ്രതി ജോമോന്റെ സംഘത്തെ കോട്ടയത്തെ മറ്റൊരു ഗുണ്ടയായ സുര്യന്‍ എന്നയാളുടെ സംഘം മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണ് ഷാനെ ആക്രമിച്ചതിന് പിന്നില്‍. കൊല്ലപ്പെട്ട ഷാനും സുര്യനും സുഹൃത്തുക്കളായിരുന്നു. ഈ ബന്ധമാണ് ഇയാളെ ആക്രമിച്ചതിന് പിന്നിലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Most Read: കുട്ടികൾക്കുള്ള വാക്‌സിനേഷൻ മാർച്ചിൽ