തിരുവനന്തപുരം: അജിത് പവാർ പക്ഷത്ത് ചേരാൻ തോമസ് കെ തോമസ് 50 കോടി രൂപ വാഗ്‌ദാനം ചെയ്‌തെന്ന ആരോപണം തള്ളി കോവൂർ കുഞ്ഞുമോൻ. ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ആന്റണി രാജുവുമായോ തോമസ് കെ തോമസുമായോ കൂടിക്കാഴ്‌ച നടത്തിയിട്ടില്ലെന്നും ആദ്ദേഹം വ്യക്‌തമാക്കി.
”യുഡിഎഫിൽ നിന്ന് വാഗ്‌ദാനങ്ങൾ ഉണ്ടായിട്ടുണ്ട്. ഇടതുപക്ഷത്തിൽ അടിയുറച്ച വിശ്വാസമായത് കൊണ്ട് ഞാൻ പോയിട്ടില്ല. യുഡിഎഫിൽ പോയിരുന്നെങ്കിൽ മന്ത്രിസ്‌ഥാനം, ഡെപ്യൂട്ടി സ്‌പീക്കർ സ്‌ഥാനം തുടങ്ങി ഒരുപാട് പദവികൾ എനിക്ക് കിട്ടുമായിരുന്നു. ഞാൻ ചെങ്കൊടി പിടിച്ച പ്രസ്‌ഥാനത്തിലാണ് ജീവിച്ചത്. എന്നെ അഞ്ചുപൈസ തന്ന്, പച്ചില കാണിച്ച് വിരട്ടാമെന്ന് ആരും കരുതണ്ട.
ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം ഉണ്ടാകണം. ഇതെന്റെ പൊതുജീവിതത്തിൽ കളങ്കം വീഴ്‌ത്തിയ വാർത്തയാണ്. അർഹതപ്പെട്ടതൊന്നും എനിക്കോ, എന്റെ പ്രസ്‌ഥാനത്തിനോ കിട്ടിയില്ല. ആരെങ്കിലും എന്തെങ്കിലും വാഗ്‌ദാനം ചെയ്‌താൽ അതിന്റെ പിന്നാലെ പോകുന്ന ആളല്ല. പൊതുജീവിതം ആരംഭിച്ചിട്ട് 35 വർഷമായി. ഇതുവരെ ഒരു കളങ്കവും ഏൽപ്പിച്ചിട്ടില്ല. ഇവിടുത്തെ ജനത്തിനും അതറിയാം. ഓലപ്പാമ്പുകാട്ടി എന്നെ വിരട്ടണ്ട. പച്ചയായ മനുഷ്യനെ നിമിഷങ്ങൾ കൊണ്ട് സമൂഹം വലിച്ചുകീറുന്ന അവസ്‌ഥയാണ്. സമഗ്രമായ അന്വേഷണം നടത്താൻ സർക്കാരിനെ സമീപിക്കും”- കുഞ്ഞുമോൻ പറഞ്ഞു.
ജനാധിപത്യ കേരള കോൺഗ്രസ് നേതാവ് ആന്റണി രാജുവുമായും ആർഎസ്‌പി- ലെനിനിസ്‌റ്റ് കോവൂർ കുഞ്ഞുമോനുമായും വിഷയത്തിൽ തോമസ് കെ തോമസ് ചർച്ച നടത്തിയിരുന്നു. ഓരോരുത്തർക്കും 50 കോടി വീതമായിരുന്നു വാഗ്‌ദാനം ചെയ്‌തത്. കേരളത്തിനായി 250 കോടി രൂപ അജിത് പവാർ പക്ഷം മാറ്റിവെച്ചിട്ടുണ്ടെന്നും തോമസ് കെ തോമസ് പറഞ്ഞിരുന്നതായാണ് റിപ്പോർട്.
മന്ത്രിസ്‌ഥാനം ആവശ്യപ്പെട്ട് തോമസ് കെ തോമസ് നേരത്തെ മുഖ്യമന്ത്രിയെ സമീപിച്ചിരുന്നു. എൻസിപി സംസ്‌ഥാന അധ്യക്ഷൻ പിസി ചാക്കോയ്‌ക്ക് ഒപ്പമായിരുന്നു അദ്ദേഹം സന്ദർശനത്തിന് എത്തിയത്. എന്നാൽ, ജനാധിപത്യ കേരള കോൺഗ്രസ്, ആർഎസ്‌പി- ലെനിനിസ്‌റ്റ് എന്നീ പാർട്ടികളിലെ എംഎൽഎമാരെ പണം നൽകി ബിജെപി സഖ്യകക്ഷിയായ അജിത് പവാർ പക്ഷത്തേക്ക് കൂറുമാറ്റാൻ തോമസ് കെ തോമസ് ശ്രമിച്ചിരുന്നുവെന്നും ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്‌ഥാനത്തിൽ മന്ത്രി സ്‌ഥാനത്തേക്കുള്ള പ്രവേശം മുഖ്യമന്ത്രി തടയുകയായിരുന്നു എന്നുമാണ് റിപ്പോർട്. കഴിഞ്ഞ സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗത്തിലായിരുന്നു മുഖ്യമന്ത്രി ഇക്കാര്യം റിപ്പോർട് ചെയ്‌തത്.
Most Read| ജലത്തിൽ തെളിയുന്ന മഴവിൽക്കാഴ്‌ച; ഈ ചതുപ്പുകാട് മനസിന് കുളിർമയേകും